ഫോൺ സിഗ്നൽ തേടി കേന്ദ്രമന്ത്രി മരം കയറി
text_fieldsബിക്കാനീർ: ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നടപ്പാക്കുന്ന സർക്കാറിലെ കാബിനറ്റ് അംഗത്തിന് മൊബൈൽ ഫോൺ സിഗ്നൽ തേടി പോകേണ്ടി വന്നത് മരത്തിെൻറ മുകളിൽ വരെ. രാജസ്ഥാനിലെത്തിയ കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ്വാളിനാണ് ഫോണിൽ സംസാരിക്കുന്നതിന് മരത്തിനു മുകളിൽ കയറേണ്ടി വന്നത്. 62 കാരനായ അർജുൻ അഗർവാൾ മരത്തിൽ കയറി ഫോൺ വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഞായറാഴ്ച തെൻറ മണ്ഡലമായ ബിക്കാനീറിൽ മീഡിയ ക്യാംപെയ്നിന് എത്തിയ അർജുൻ മേഘ്വാൾ മൊബൈൽ സിഗ്നൽ ലഭിക്കാതെ കുഴങ്ങുകയായിരുന്നു. ബീക്കാനീർ പട്ടണത്തിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള ധൂലിയ ഗ്രാമത്തിലാണ് മന്ത്രി എത്തിയത്. ഗ്രാമീണരുടെ പ്രശ്നങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കെ അദ്ദേഹം ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരില്ലെന്ന പരാതി കേട്ട ശേഷം മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ഫോണിൽ സിഗ്നൽ കിട്ടാൻ ഗ്രാമീണർ അവർ പിന്തുടരുന്ന മാർഗം മന്ത്രിക്കും പറഞ്ഞുകൊടുത്തു. ഏണിവെച്ച് മരത്തിനു മുകളിൽ കയറുക. ഫോൺ പിടിച്ച് മരത്തിനു മുകളിൽ കയറിയ അർജുൻ മേഘ്വാൾ ഏണിയിൽ ബലാൻസ് ചെയ്തു നിന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഫോൺ ചെയ്തിറങ്ങിയ മന്ത്രിയെ ഹർഷാരവങ്ങളോടെയാണ് ഗ്രാമീണർ വരവേറ്റത്.
200 ഒാളം കുടുംബങ്ങൾ താമസിക്കുന്ന ധൂലിയ ഗ്രാമത്തിൽ മതിയായ ഫോൺ സൗകര്യങ്ങളോ ടെലിവിഷനോ ഇല്ല. ഫോൺ വിളിക്കാൻ കുഴങ്ങിയ മന്ത്രി, മുന്നു മാസത്തിനകം ഗ്രാമത്തിൽ മൊബൈൽ ടവറും എല്ലായിടത്തേക്കും വൈദ്യുതി ലൈനുകളും എത്തിക്കുമെന്ന് ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.