'എനിക്ക് യാതൊരു ക്രഡിറ്റും വേണ്ട'; കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണമെന്ന് മോദി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 22 ദിവസമായി രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാറുകൾ പരിഗണിക്കുന്ന കാര്യങ്ങളാണ് കാർഷിക നിയമമെന്നും പ്രതിപക്ഷത്തിന് ക്രഡിറ്റ് ലഭിക്കാത്തതിനാലാണ് എതിർക്കുന്നതെന്നും മോദി പറഞ്ഞു.
ഒരു ചന്തയും പൂട്ടില്ല. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ ചന്തകൾ പൂട്ടുമെന്ന പ്രചാരണം വലിയ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ കോൺഫറൻസിലൂടെ മധ്യപ്രദേശിലെ കർഷകരെ അഭിസംേബാധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഈ നിയമങ്ങൾ ഒറ്റ രാത്രിയിൽ കൊണ്ടുവന്നവയല്ല. കഴിഞ്ഞ 22 വർഷമായി എല്ലാ സർക്കാറുകളും സംസ്ഥാനങ്ങളും വിശദമായി ഇവ ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. കർഷക സംഘടനകൾ, കാർഷിക വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവയെല്ലാം മാറ്റം ആവശ്യപ്പെടുന്നു. ഇന്ന് ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്ദാനങ്ങളും ഉറപ്പുനൽകിയിരുന്നു' -മോദി പറഞ്ഞു.
'ഈ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഇന്ന് വേദനിക്കുന്നുണ്ട്. മോദിക്കെങ്ങനെ ഇവ ചെയ്യാൻ സാധിക്കുന്നു, തങ്ങൾക്ക് എന്തുകൊണ്ട് ഇവ ചെയ്യാൻ സാധിച്ചില്ല, എന്തുകൊണ്ട് അദ്ദേഹത്തിന് മാത്രം മതിപ്പ് പോകുന്നു, എന്നെല്ലാം അവരോട് അവർ തന്നെ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അവരോട് പറയുകയാണ്. മതിപ്പ് നിങ്ങൾ എടുത്തോളൂ... നിങ്ങളുടെ സ്വന്തം പ്രകടന പത്രികകൾക്കാണ് ഞാൻ ക്രഡിറ്റ് നൽകുന്നത്. എനിക്ക് ഇതിൽ യാതൊരു മതിപ്പും വേണ്ട. ഞാൻ കർഷകരുടെ ജീവിത നിലവാരം ഉയരണമെന്ന് മാത്രം ആഗ്രഹിക്കുന്നു. കർഷകരെ വഴിതെറ്റിക്കുന്നത് നിർത്തൂ' -മോദി കൂട്ടിച്ചേർത്തു.
കർഷകരുടെ കാര്യത്തിൽ കരുതലില്ലാത്തവരെയും അവരോട് ആത്മാർത്ഥത ഇല്ലാത്തവരെയും താൻ തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നതായും കാർഷിക നിയമങ്ങളുടെ പേരിൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഴിെതറ്റിക്കാനും ശ്രമിക്കുന്നവരിൽനിന്ന് ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു.
സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകൾ ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നതിന് ഇടയിലാണ് മോദിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.