തമിഴ് ഭാഷയെ അപമാനിച്ചെന്ന്; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം
text_fieldsചെന്നൈ: ദൂരദർശൻ തമിഴ് ചാനലിന്റെ സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹിന്ദി ഭാഷ മാസാചരണ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ്ത്തായ് വാഴ്ത്ത്’ പാട്ടിൽ ‘ദ്രാവിഡ നാട്’ എന്ന് തുടങ്ങുന്ന വരി ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കി. തമിഴ് ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് വിവിധ പാർട്ടി നേതാക്കൾ രംഗത്തെത്തി.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി മാസാചരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെ നടന്ന ദൂരദർശന്റെ ചടങ്ങിൽ പങ്കെടുത്ത ഗവർണർ ആർ.എൻ. രവി തമിഴ് ഭാഷാവാദത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് ഗവർണർ ആർ.എൻ. രവി പറഞ്ഞു. അടിച്ചേൽപിക്കേണ്ട ഭാഷയല്ല ഹിന്ദി. എല്ലാ ഭാഷകളും ആഘോഷിക്കപ്പെടണം. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. തമിഴ്നാട്ടിലെ സർവകലാശാലകളിൽ സംസ്കൃതം ഒഴിവാക്കി. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 27ലും ത്രിഭാഷാ നയമുണ്ട്. തമിഴ്നാട്ടിൽ മാത്രമാണ് ദ്വിഭാഷാ നയം പിന്തുടരുന്നത്. തമിഴ് ഭാഷയെ മുതലെടുത്തുള്ള രാഷ്ട്രീയം വിജയിക്കില്ല. അരനൂറ്റാണ്ടിനിടെ തമിഴ്നാടിനെ ഇന്ത്യയിൽനിന്ന് വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതു വിഘടനവാദികളുടെ അജണ്ടയാണ്. തമിഴ്നാട് എന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഭാഗമായിരിക്കുമെന്നും ഗവർണർ പറഞ്ഞു.
അതിനിടെ ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധവുമായി ഡി.എം.കെ വിദ്യാർഥി വിഭാഗം രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. ഗവർണർക്കെതിരെ മുദ്രാവാക്യവും വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.