37,000 കോടി ദുരിതാശ്വാസം അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: അടുത്തിടെ തമിഴ്നാട്ടിൽ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുമുണ്ടായ വൻ നാശത്തിന് ദുരിതാശ്വാസമായി കേന്ദ്ര സർക്കാർ 37,000 കോടി അനുവദിക്കാനാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഭരണഘടനയുടെ 131ാം വകുപ്പ് ഉപയോഗിച്ചാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനം കോടതിയിലെത്തിയത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലെ നിയമതർക്കങ്ങളിൽ സുപ്രീംകോടതിക്കാണ് സ്വതന്ത്രാധികാരം.
2023 ഡിസംബറിൽ തമിഴ്നാട്ടിൽ വൻ നാശംവിതച്ച മിച്ചോങ് ചുഴലിക്കാറ്റിൽ 19,692.69 കോടിയും കനത്ത മഴയിൽ തെക്കൻ ജില്ലകളിലെ കെടുതികൾക്ക് 18,000 കോടിയും നൽകണമെന്നാണ് ആവശ്യം. അടിയന്തരമായി 2,000 കോടി വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. മിച്ചോങ് ചുഴലിക്കാറ്റിൽ 19,692.69 കോടി ദുരിതാശ്വാസം തേടി ഡിസംബർ 14ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തെഴുതിയിരുന്നതായി തമിഴ്നാടിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ പി. വിൽസൺ, ഡി. കുമനൻ എന്നിവർ പറഞ്ഞു.
സമാനമായി, ജലക്ഷാമം വൻ പ്രതിസന്ധിയായിട്ടും കേന്ദ്രസർക്കാർ സാമ്പത്തിക സഹായം അനുവദിക്കുന്നില്ലെന്ന് കാണിച്ച് നേരത്തേ കർണാടക സർക്കാർ കേന്ദ്രത്തിനെതിരെ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് പണം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.