പൊലീസ് അതിക്രമങ്ങളിൽ നിന്ന് എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയെ സംരക്ഷിക്കാൻ തമിഴ്നാട് നിയമം ഭേദഗതി ചെയ്തു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ എൽ.ജി.ബി.ടി കമ്മ്യുണിറ്റിയുടെ ക്ഷേമത്തിനായി നിയമം ഭേദഗതി ചെയ്ത് സർക്കാർ. എൽ.ജി.ബി.ടി കമ്മ്യുണിറ്റിയിൽ ഉൾപ്പെട്ടവരെയോ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെയോ പൊലീസ് അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമത്തിനാണ് തമിഴ്നാട് സർക്കാർ രൂപം നൽകിയത്. കമ്മ്യുണിറ്റിയിൽപ്പട്ട ആളുകളെ പൊലീസ് ഉപദ്രവിക്കുന്നത് തടയാന്‍ പെലീസ് പെരുമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിയമം ഭേദഗതി ചെയ്യാന്‍ സർക്കാർ തീരുമാനിച്ചത്.
സബോർഡിനേറ്റ് പൊലീസ് ഓഫീസർമാരുടെ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുന്ന നിയമത്തെയാണ് വ്യാഴാഴ്ച സർക്കാർ ഭേദഗതി ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച പുതിയ ഭേദഗതി പ്രകാരം ലെസ്ബിയൻ, ഗേ, ബൈ-സെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ, ഇന്റർസെക്‌സ്, അസെക്ഷ്വൽ + തുടങ്ങിയ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളുകളെയോ അവർക്കൊപ്പം പ്രവർത്തിക്കുന്നവരെയോ ഉപദ്രവിക്കുന്ന പ്രവൃത്തികളിൽ പൊലീസ് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണമെന്ന് പ്രത്യേകം പറയുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമാണ് എൽ.ജി.ബി.ടി കമ്മ്യുണിറ്റിയെന്നും നിരവധി പൊലീസ് പീഡനങ്ങൾ കാലങ്ങളായി അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എൽജിബിടിക്യുഐഎ+ ആക്ടിവിസ്റ്റായ സാരംഗപാണി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈ ഭേദഗതി കമ്മ്യുണിറ്റിക്കും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കും നൽകുന്ന പ്രതീക്ഷ വലുതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ജസ്റ്റിസ് ആനന്ദ് ഹരിദാസിനും തമിഴ്‌നാട് സർക്കാരിനും നന്ദി അറിയിക്കുന്നതായും സാരംഗപാണി പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുന്‍പ് നേരിടേണ്ടിവന്ന പൊലീസ് അതിക്രമത്തിൽ നിന്ന് മോചിതയാകാന്‍ ഇതുവരെ തനിക്ക് സാധിച്ചിട്ടില്ലെന്നും ഈ നിയമഭേദഗതിയിലൂടെ കമ്മ്യൂണിറ്റിയിൽപെട്ട ആളുകൾക്ക് ഇനി അതിക്രമങ്ങൾ നേരിടേണ്ടിവരില്ലെന്ന വസ്തുത ആശ്വാസം നൽകുന്നതാണെന്നും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ജീവ അഭിപ്രായപ്പെട്ടു. എൽ.ജി.ബി.ടിക്യു.ഐ.എ.+ വിഭാഗത്തിൽപ്പെട്ട ആളുകൾക്കെതിരെ പൊലീസ് അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.