ഭാഷയിൽ ഏറ്റുമുട്ടി തമിഴ്നാടും കേന്ദ്രവും
text_fieldsലോക്സഭയിൽ സംസാരിക്കുന്ന ഡി.എം.കെയിലെ കനിമൊഴി എം.പി
ന്യൂഡൽഹി: തമിഴ്നാട് എം.പിമാരും കേന്ദ്ര സർക്കാറും തമ്മിലുണ്ടായ ‘ഭാഷായുദ്ധ’ത്തിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ തുടക്കം പ്രക്ഷുബ്ധം. ദേശീയ വിദ്യാഭ്യാസനയത്തെ എതിർക്കുന്ന തമിഴ്നാട് എം.പിമാരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സംസ്കാര ശൂന്യർ എന്ന് വിളിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ലോക്സഭ 12 മണിവരെ നിർത്തിവെച്ചു. തുടർന്ന് സഭ വീണ്ടും ചേർന്നപ്പോൾ ഖേദം പ്രകടിപ്പിച്ച ധർമേന്ദ്ര പ്രധാൻ വിവാദ പരാമർശം പിൻവലിച്ചു.
ത്രിഭാഷ പദ്ധതിയിലൂടെ ഹിന്ദി അടിച്ചേൽപിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ..പി) അംഗീകരിക്കാത്ത തമിഴ്നാടിനോടുള്ള പ്രതികാര നടപടി രാവിലെ ചോദ്യോത്തര വേളയിൽ ഡി.എം.കെ നേതാവ് ഡോ. ടി. സുമതി ഉന്നയിച്ചതാണ് തുടക്കം. പ്രതികാര നടപടിയായി കേന്ദ്ര സർക്കാർ ‘പി.എം ശ്രീ’ ഫണ്ടിൽ തമിഴ്നാടിന് അർഹതപ്പെട്ട 2000 കോടി രൂപ മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയെന്നായിരുന്നു സുമതിയുടെ ആരോപണം. സഹകരണ ഫെഡറലിസത്തിനെതിരായ ആക്രമണമാണിതെന്ന് അവർ കുറ്റപ്പെടുത്തി. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് നിയമപരമായി നടപ്പാക്കാൻ ബാധ്യസ്ഥമല്ലാത്ത ഒരു നയത്തിന്റെ പേരിൽ പ്രതികാര നടപടിക്കുള്ള ഉപകരണമായി ഉപയോഗിക്കാമോ എന്ന് സുമതി ചോദിച്ചു.
തമിഴ് എം.പിമാർ സംസ്കാര ശൂന്യരെന്ന് കേന്ദ്രമന്ത്രി
ഇതിനുള്ള മറുപടിയിൽ ‘പി.എം ശ്രീ’ അംഗീകരിക്കാമെന്ന കാര്യത്തിൽ തമിഴ്നാട് കേന്ദ്രവുമായി മാർച്ച് 15ന് ധാരണപത്രം ഒപ്പിടാൻ തയാറായതാണെന്നും തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി സുമതി അടക്കമുള്ള തമിഴ്നാട് എം.പിമാർ തന്നെ വന്നുകണ്ടപ്പോൾ എൻ.ഇ.പി അംഗീകരിക്കാമെന്ന് സമ്മതിച്ച് തിരിച്ചുപോയി ‘യൂ ടേൺ’ അടിച്ചതാണെന്നും പ്രധാൻ അവകാശപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒപ്പുവെക്കാൻ തയാറാണ്. എന്നാൽ, കനിമൊഴി അടക്കമുള്ള ചില സൂപ്പർ മുഖ്യമന്ത്രിമാർ അത് തടസ്സപ്പെടുത്തുകയായിരുന്നു. ഭാഷകൊണ്ട് രാഷ്ട്രീയം കളിച്ച് തമിഴ്നാട്ടിലെ വിദ്യാർഥികളോട് അനീതി കാണിക്കുകയാണെന്നുകൂടി പ്രധാൻ ആരോപിച്ചതോടെ എം.പിമാർ രോഷാകുലരായി. സംസ്കാരശൂന്യരും ജനാധിപത്യവിരുദ്ധരുമാണ് അവരെന്ന് മന്ത്രി പ്രധാൻ കുറ്റപ്പെടുത്തി. രണ്ടുതവണ ഈ വാക്കുകൾ ആവർത്തിച്ചതോടെ എം.പിമാർ നടുത്തളത്തിലേക്ക് പ്രതിഷേധവുമായി നീങ്ങി. ചിലർ ദയാനിധി മാരന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുടെ നേരെ ചെന്ന് അദ്ദേഹം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സ്പീക്കർ ഓം ബിർള നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തമിഴ്നാട് എം.പിമാർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് സഭ 12 മണിവരെ നിർത്തിവെച്ചു.
പ്രതിഷേധം; പരാമർശം മന്ത്രി പിൻവലിച്ചു
തുടർന്ന് ഡി.എം.കെ നേതാവ് സുമതിക്കും കനിമൊഴിക്കും സംസാരിക്കാൻ അവസരം നൽകാമെന്ന ധാരണയിലാണ് 12 മണിക്ക് നടപടികൾ പുനരാരംഭിച്ചത്. മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്നാട്ടിലെ എം.പിമാരെയും സർക്കാറിനെയും ജനങ്ങളെയും സംസ്കാരശൂന്യർ എന്ന് വിളിച്ചത് അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് ഡി.എം.കെ നേതാവ് കനിമൊഴി മന്ത്രിക്ക് മറുപടി നൽകി. എൻ.ഇ.പിയിൽ പ്രശ്നങ്ങളുണ്ടെന്നും ത്രിഭാഷ നയം അസ്വീകാര്യമാണെന്നും മന്ത്രിയോട് താനടക്കമുള്ള എം.പിമാർ പറഞ്ഞിട്ടും അദ്ദേഹം സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കനിമൊഴി കുറ്റപ്പെടുത്തി. അതോടെ എഴുന്നേറ്റ മന്ത്രി തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കുകയാണെന്ന് പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡോ. സുമതിയും വിമർശിച്ചു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി തങ്ങൾ ധർമേന്ദ്ര പ്രധാനെ കണ്ടപ്പോൾ എൻ.ഇ.പി അംഗീകരിക്കാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സുമതി മറുപടി നൽകി. ഇതിനുള്ള ധാരണപത്രം ഒപ്പവെക്കില്ലെന്ന് സ്റ്റാലിനും വ്യക്തമാക്കിയതാണ്. തമിഴ്നാട് ഇതിന് മുന്നിൽ തലകുനിക്കില്ല. 10,000 കോടി നൽകാമെന്ന് പറഞ്ഞാലും തമിഴ് ജനത എൻ.ഇ.പി അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.