ഹിന്ദി അടിച്ചേൽപിക്കലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സഭ; ബി.ജെ.പി ഇറങ്ങിപ്പോയി
text_fieldsചെന്നൈ: ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ഇതിൽ പ്രതിഷേധിച്ച് നിയമസഭയിലെ ബി.ജെ.പി എം.എൽ.എമാർ ഇറങ്ങിപ്പോയി.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനമാധ്യമം ഹിന്ദിയാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി ശിപാർശ ചെയ്തിരുന്നു. സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇത് തമിഴ് ഉൾപ്പെടെ സംസ്ഥാന ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണ്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് ഭരണഭാഷയായി തുടരുമെന്ന മുൻ പ്രധാനമന്ത്രി നെഹ്റു നൽകിയ ഉറപ്പിന്റെ ലംഘനമാണിത്. ഹിന്ദിഭാഷയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മൂന്നായി വിഭജിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപെട്ട ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ 22 ഭാഷകളെയും മാറ്റിനിർത്തുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.