ഗവർണർ തിരിച്ചയച്ച 10 ബില്ലുകൾ വീണ്ടും പാസ്സാക്കി അയച്ച് തമിഴ്നാട് നിയമസഭ
text_fieldsചെന്നൈ: സംസ്ഥാന സർക്കാറിനെതിരെ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുന്ന തമിഴ്നാട്ടിൽ പുതിയ നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗവർണർ ആർ.എൻ. രവി ഒപ്പിടാതെ തിരിച്ചയച്ച 10 ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി ഗവർണർക്ക് അയച്ചു. ഇതിനായി ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ ബില്ലുകൾ വീണ്ടും പരിഗണിക്കുന്നതിന് ഗവർണറോടാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് നിയമസഭ പാസ്സാക്കി അയച്ച രണ്ട് ബില്ലുകളും നിലവിലെ സഭ പാസ്സാക്കിയ എട്ട് ബില്ലുകളുമാണ് ഗവർണർ ഏറെക്കാലമായി തീരുമാനമെടുക്കാതെ പിടിച്ചുവെച്ചത്. ഇതിന്‍റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ നിയമപോരാട്ടത്തിന് തുടക്കമിട്ടിരുന്നു. ഇതിനിടെയാണ് പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ നവംബർ 13ന് 10 ബില്ലുകളും ഗവർണർ തിരിച്ചയച്ചത്.
തുടർന്നാണ് പ്രത്യേക സഭാസമ്മേളനം വിളിച്ചുചേർത്ത് ബില്ലുകൾ വീണ്ടും പാസ്സാക്കി ഗവർണർക്കയച്ചത്. ബില്ലുകള്‍ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഭ ബഹിഷ്‌കരിച്ചു. പ്രമേയാവതരണത്തിൽ ഗവർണർക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ കടുത്ത വിമർശനമുയർത്തി.
സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകൾ യാതൊരു കാരണവും കാണിക്കാതെ തിരിച്ചയച്ച ഗവർണറുടെ നടപടി ജനവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. സഭയുടെ അധികാരത്തെ തന്നെ ചോദ്യംചെയ്യുന്നതാണ് നടപടി. ഗവർണർ സർക്കാരുമായി ഏറ്റുമുട്ടൽ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഗവർണർക്ക് ഇക്കാര്യത്തിൽ ഉചിതമായ ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്തെ എം.പിമാർ ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതിയെ കണ്ടു. സുപ്രീംകോടതിയിൽ നിയമപരമായും നീങ്ങിയിട്ടുണ്ടെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു.
സാധാരണഗതിയിൽ ബില്ലുകൾ തിരിച്ചയച്ചാൽ അതിനുള്ള കാരണം ഗവർണർ വ്യക്തമാക്കേണ്ടതുണ്ട്. ഇത് പരിശോധിച്ച് സഭ വീണ്ടും ബില്ലുകള്‍ പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്വഴക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.