മാധ്യമങ്ങൾ 6 മാസത്തിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ
text_fieldsചെന്നൈ: ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളിലെത്തുമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷൻ അണ്ണാമലൈ.
'ഒന്നുകൊണ്ടും പേടിക്കേണ്ട, ആറ് മാസത്തിനുള്ളിൽ മാധ്യമങ്ങൾ കൈളിലെത്തുന്നതോടെ മൊത്തം നിയന്ത്രണം ഞങ്ങൾക്കായിരിക്കും. ഒരു മാധ്യമത്തിനും എല്ലാഴ്പ്പോയും വ്യാജവാർത്ത നൽകാനാവില്ല. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ മന്ത്രിയാണ്. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കീഴിലാണ്. തുടർച്ചയായി പിഴവുകൾ സംഭവിക്കാൻ പാടില്ല. അതിൽ നിങ്ങൾക്ക് രാഷ്ട്രീയം കളിക്കാനാകില്ല' -അണ്ണാമലൈ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ സഹമന്ത്രി സ്ഥാനം ലഭിച്ച മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ. മുരുഗനെ കുറിച്ചായിരുന്നു അണ്ണാമലൈയുടെ പരാമർശം. പാർട്ടി പ്രവർത്തകരെ കാണാനായി അണ്ണാമലൈ കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗം ചെന്നൈ വരെ യാത്ര ചെയ്ത സംഭവം വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ കാരണമായിരുന്നു. ഇത് വലിയ വാർത്തയായിരുന്നു.
ഇതോടെയാണ് ഒരു വിഡിയോയിൽ അണ്ണാമലൈ മാധ്യമങ്ങൾ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാകുമെന്ന് പറഞ്ഞത്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയുടെ പരാമർശം വിവാദമായി.
അണ്ണാമൈലയുടെ പ്രസ്താവയെ അപലപിച്ച സംസ്ഥാന ഐ.ടി മന്ത്രി മനോ തങ്കരാജ് മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് പറഞ്ഞു. അണ്ണാമലൈ ഒരു കക്ഷിയെ അനുകൂലിക്കാൻ മാധ്യമങ്ങളെ നിർബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.