തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ പുറത്തേക്ക്?
text_fieldsചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ബി.ജെ.പി നേതൃത്വം ഉടൻ പ്രഖ്യാപനം നടത്തും. പത്തു മാസത്തിനകം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെ ഉൾപ്പെടെ വിവിധ കക്ഷികളുമായി ചേർന്ന് ശക്തമായ മുന്നണി രൂപീകരിക്കാനാണ് ബി.ജെ.പി തീരുമാനം.
ബി.ജെ.പിയുമായുള്ള സഖ്യം നേരത്തേ അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ചയും എം.ജി.ആർ, ജയലളിതപോലുള്ള നേതാക്കളെ അണ്ണാമലൈ രൂക്ഷമായി വിമർശിച്ചതുമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള മുന്നണികളാണ് മത്സരിച്ചത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതോടെ ഡി.എം.കെ സഖ്യം തമിഴ്നാട്ടിലെ 39 ലോക്സഭ സീറ്റുകളും തൂത്തുവാരി. അണ്ണാമലൈ ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായി സഖ്യം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അണ്ണാമലൈ തുടരുമ്പോൾ സഖ്യവുമായി മുന്നോട്ടുപോകുന്നതിന് പ്രയാസമുണ്ടെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം അറിയിച്ചു. തുടർന്ന് കേന്ദ്ര ബി.ജെ.പി നേതൃത്വം അണ്ണാമലൈയെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു.
എടപ്പാടി പളനിസാമിയും അണ്ണാമലൈയും തമിഴ്നാട് പശ്ചിമ മേഖലയിലെ പ്രബലമായ ‘കൗണ്ടർ’ സമുദായത്തിൽപെട്ടവരാണ്. അണ്ണാമലൈക്ക് പകരം തിരുനൽവേലി എം.എൽ.എ നയിനാർ നാഗേന്ദ്രൻ, മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ളത്. ഇതിൽ നൈനാർ നാഗേന്ദ്രനാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. അടുത്ത പുനഃസംഘടനയിൽ അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.