കാർത്തി ചിദംബരത്തിന്‍റെ ഭാര്യയുടെ നൃത്തം പ്രചാരണത്തിന് ഉപയോഗിച്ച് വെട്ടിലായി ബി.ജെ.പി
text_fieldsചെന്നൈ: കോൺഗ്രസ് നേതാവും ശിവഗംഗ എം.പിയുമായ കാർത്തി ചിദംബരത്തിന്‍റെ ഭാര്യയുടെ നൃത്താവതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് വെട്ടിലായി തമിഴ്നാട് ബി.ജെ.പി. നർത്തകിയും മെഡിക്കൽ പ്രഫഷണലുമായ ശ്രീനിധി കാർത്തി ചിദംബരം ഭരതനാട്യം അവതരിപ്പിക്കുന്ന വിഡിയോയാണ് ബി.ജെ.പി പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പമാണ് ശ്രീനിധിയുടെ വിഡിയോ ഉൾപ്പെട്ടത്. ഇവർ ഭരതനാട്യം അവതരിപ്പിക്കുന്ന രംഗം അനുമതി കൂടാതെ ഉപയോഗിക്കുകയായിരുന്നു. കൗതുകമായ മറ്റൊരു കാര്യം എന്തെന്നാൽ, മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കരുണാനിധി രചിച്ച 'സെമ്മൊഴിയം' എന്ന പാട്ടാണ് ശ്രീനിധി ഭരതനാട്യ രൂപത്തിൽ അവതരിപ്പിച്ചിരുന്നത്.
ശക്തമായ ഭാഷയിലാണ് കോൺഗ്രസ് സംഭവത്തെ വിമർശിച്ചത്. 'അനുവാദം വാങ്ങുക എന്നത് നിങ്ങൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് ഞങ്ങൾക്ക് അറിയാം' -തമിഴ്നാട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. 'ശ്രീനിധി ചിദംബരത്തിന്‍റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങളുടെ പ്രചാരണം മൊത്തത്തിൽ നുണകളും പ്രചാരണങ്ങളും മാത്രം നിറഞ്ഞതാണെന്ന് തെളിയിക്കുകയാണ് ഇവയെല്ലാം' -ട്വീറ്റിൽ പറയുന്നു.
'പരിഹാസ്യ'മെന്നാണ് ശ്രീനിധി ചിദംബരം സംഭവത്തോട് പ്രതികരിച്ചത്. വിഡിയോ വിവാദമായതോടെ ബി.ജെ.പി പിൻവലിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.