സ്റ്റാലിൻ കുടുംബത്തിനെതിരായ ശബ്ദസന്ദേശം; ത്യാഗരാജനെ ധനവകുപ്പിൽനിന്ന് മാറ്റി
text_fieldsചെന്നൈ: സ്റ്റാലിൻ കുടുംബത്തിനെതിരായ ഓഡിയോ ക്ലിപ് വിവാദത്തിന് പിന്നാലെ നടന്ന തമിഴ്നാട് മന്ത്രിസഭ അഴിച്ചുപണിയിൽ പി.ടി.ആർ. പളനിവേൽ ത്യാഗരാജനെ ധനവകുപ്പിൽനിന്ന് മാറ്റി. സ്റ്റാലിന്റെ വിശ്വസ്തനായ വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. പളനിവേൽ ത്യാഗരാജൻ ഐ.ടി വകുപ്പിന്റെ ചുമതലയാണ് വഹിക്കുക. ഐ.ടി മന്ത്രിയായിരുന്ന മനോതങ്കരാജിന് ക്ഷീരവകുപ്പ് നൽകി. മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തിയ മന്നാർഗുഡി എം.എൽ.എ ടി.ആർ.ബി. രാജക്ക് വ്യവസായ വകുപ്പ് ലഭിച്ചു.
മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ടി.ആർ. ബാലുവിന്റെ മകനാണ് രാജ. ക്ഷീരവകുപ്പു മന്ത്രിയായിരുന്ന എസ്.എം. നാസറിനെ ഒഴിവാക്കിയാണ് രാജക്ക് മന്ത്രിസഭയിൽ ഇടം നൽകിയത്. വിവരവിനിമയ മന്ത്രി എം.പി. സാമിനാഥന് തമിഴ് ഭാഷ- സാംസ്കാരിക വകുപ്പുകളുടെ അധിക ചുമതല നൽകി.
മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഉദയ്നിധിയും മരുമകൻ ശബരീശനും ചേർന്ന് 30,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായ ശബ്ദസന്ദേശമാണ് രാജ്യത്തെ മികച്ച ധനമന്ത്രിയായി അറിയപ്പെട്ടിരുന്ന പി.ടി.ആർ. പളനിവേൽ ത്യാഗരാജന്റെ സ്ഥാനചലനത്തിന് കാരണമായത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്ന് പറഞ്ഞ് ത്യാഗരാജൻ രംഗത്തെത്തിയെങ്കിലും നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. പിന്നീട് ത്യാഗരാജൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാലിൻ കുടുംബത്തിന്റെ അതൃപ്തിയാണ് ത്യാഗരാജന്റെ വകുപ്പ് മാറ്റത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി പുതിയ മന്ത്രി ടി.ആർ.ബി. രാജക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരും മുതിർന്ന നേതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.