സർക്കാർ ബസിൽ മിന്നൽ പരിശോധനയുമായി എം.കെ സ്റ്റാലിൻ, അമ്പരന്ന് യാത്രക്കാർ
text_fieldsചെന്നൈ: പൊടുന്നനെ സർക്കാർ ബസിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ടപ്പോൾ പൊതുജനങ്ങളും യാത്രക്കാരും ഒരു വേള ആശ്ചര്യത്തിലായി. പിന്നീട് ചിരിയായി. ത്യാഗരായനഗറിൽനിന്ന് കണ്ണകി നഗറിലേക്ക് പോവുകയായിരുന്ന M19B എന്ന സർക്കാർ ടൗൺ ബസിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ മിന്നൽ സന്ദർശനം.
ശനിയാഴ്ച രാവിലെ സോളിങ്കനല്ലൂർ നിയമസഭ മണ്ഡലത്തിലുൾപ്പെട്ട കണ്ണകിനഗറിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സന്ദർശിച്ച് മടങ്ങവെയാണ് സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയത്. സ്റ്റാലിൻ കാറിൽ നിന്നും ഇറങ്ങിയതോടെ ഉടനടി അകമ്പടി കാറുകളിൽനിന്ന് പൊലീസുകാരും ഇറങ്ങി. യാത്രക്കാർ സീറ്റിൽനിന്ന് എണീറ്റ് കൈകൂപ്പിനിന്നു.
ബസിലെ സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് സംബന്ധിച്ചും ചോദിച്ചറിഞ്ഞു. പലരും മൊബൈൽഫോണിൽ രംഗം പകർത്തുന്നുണ്ടായിരുന്നു. തുടർന്ന് ബസിൽനിന്ന് ഇറങ്ങി കാറിൽ കയറി സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു.ഇതിന് മുമ്പ് സ്റ്റാലിൻ റേഷൻകടകളും പൊലീസ് സ്റ്റേഷനുകളും മറ്റും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.