കേന്ദ്രസർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി സ്റ്റാലിൻ സർക്കാർ
text_fieldsചെന്നൈ: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. തമിഴ്നാട്ടിലെ കർഷകരെ സംബന്ധിച്ചിടത്തോളം ചരിത്രദിനമാണിതെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾ കൃഷിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് കർഷകർ എതിർക്കുന്നത്. ബില്ലുകൾക്കെതിരെ ഏറെക്കാലമായി രാജ്യവ്യാപക പ്രതിഷേധവും നടക്കുന്നുണ്ട്.
സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഫെഡറൽ തത്ത്വങ്ങൾക്കെതിരായ നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളും കവർന്നെടുക്കുന്നു. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ റദ്ദാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ, ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. അതേസമയം അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായ പാട്ടാളി മക്കൾ കക്ഷി പ്രമേയത്തെ സ്വാഗതം ചെയ്തു. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. പഞ്ചാബ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, കേരളം, ഡൽഹി, പശ്ചിമബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. പഞ്ചാബാണ് ആദ്യം പ്രമേയം പാസാക്കിയത്.
പ്രശംസിച്ചാൽ പിടിവീഴും; ഡി.എം.കെ എം.എൽ.എമാർക്ക് സ്റ്റാലിെൻറ മുന്നറിയിപ്പ്
ചെന്നൈ: നിയമസഭയിൽ ഡി.എം.കെ അംഗങ്ങൾ തന്നെയും അന്തരിച്ച പാർട്ടി നേതാക്കളെയും വളരെനേരം അനാവശ്യമായി പുകഴ്ത്തി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമസഭയിലെ ധനാഭ്യർഥന ചർച്ചകളിലും മറ്റും വിഷയത്തിലൂന്നി സംസാരിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശനിയാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച കടലൂർ ഡി.എം.കെ എം.എൽ.എ അയ്യപ്പൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും അന്തരിച്ച നേതാക്കളായ അണ്ണാദുരെ, കരുണാനിധി തുടങ്ങിയവരെയും ദീർഘനേരം പ്രശംസിച്ച് സംസാരിക്കവെയാണ് സ്റ്റാലിൻ ഇടപെട്ട് താക്കീത് നൽകിയത്. ഇത്തരം പുകഴ്ത്തൽ പ്രസംഗം നടത്തരുതെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇനിയും ആവർത്തിച്ചാൽ നടപടിയെടുക്കേണ്ടിവരുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. നിയമസഭയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. മറ്റു ഡി.എം.കെ അംഗങ്ങൾക്കും ഇത് ബാധകമാണെന്നും സ്റ്റാലിൻ അറിയിച്ചു. തുടർന്ന് സംസാരിച്ച അയ്യപ്പൻ സ്റ്റാലിനെ അൽപം കൂടി പുകഴ്ത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്. തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയംഗങ്ങൾ ജയലളിത, കരുണാനിധി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ പുകഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു. എന്നാൽ സ്റ്റാലിൻ വേറിട്ട നിലപാടുകളുമായി തമിഴ്നാട് രാഷ്ട്രീയത്തിൽ മാതൃകയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.