ഡൽഹി സന്ദർശനം തമിഴ്നാടിന് വേണ്ടി; ആരുടെയും കാലിൽ വീണിട്ടില്ല -എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: ഡൽഹി സന്ദർശിച്ചത് തമിഴ്നാടിന്‍റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യാത്ര തന്‍റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവകാശങ്ങൾ നേടിയെടുക്കാൻ താൻ ആരുടേയും കാലുപിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് മൂന്ന് ദിവസമാണ് സ്റ്റാലിൻ ചെലവഴിച്ചത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും നീറ്റ് ഒഴിവാക്കൽ ഉൾപ്പെടെ തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. വിവിധ കേന്ദ്രമന്ത്രിമാരെ വിളിച്ച് സംസാരിച്ച സ്റ്റാലിൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം ഡൽഹി സർക്കാർ നടത്തുന്ന സ്‌കൂളും ക്ലിനിക്കും സന്ദർശിച്ചു.
സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്തോ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാനാണ് താൻ ഡൽഹിയിൽ പോയതെന്നാണ് ചിലർ വിശ്വസിക്കുന്നത്. സന്ദർശനത്തിനിടെ ആരുടെയും കാലിൽ വീണിട്ടില്ല, ആരോടും ഒരു ദയയും തേടിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ ജോയിന്റ് കോ-ഓർഡിനേറ്ററുമായ കെ പളനിസ്വാമിയുടെ വിമർശനത്തോട് പ്രതികരിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
ഡൽഹിയിൽ പോയത് തമിഴ്‌നാടിന്റെ അവകാശങ്ങൾക്ക് വേണ്ടി മാത്രമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സ്റ്റാലിൻ എന്ന് മാത്രമല്ല സ്വയം അഭിസംബോധന ചെയ്തത്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്നാണ് -അന്തരിച്ച പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.