ആരെ പിന്തുണക്കും; തമിഴക കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
text_fieldsകോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്ക് പിന്തുണ നല്‍കുന്നതിനെച്ചൊല്ലി തമിഴക കോണ്‍ഗ്രസില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തിറങ്ങി. നിയമസഭയില്‍ അംഗബലം തെളിയിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടാല്‍ പന്നീര്‍സെല്‍വം-ശശികല വിഭാഗങ്ങളെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനാവുക്കരസര്‍ ശശികലയെ പിന്തുണക്കണമെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മുന്‍ പി.സി.സി പ്രസിഡന്‍റ് ഇ.വി.കെ.എസ്. ഇളങ്കോവന്‍, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം തുടങ്ങിയവര്‍ സഖ്യകക്ഷിയായ ഡി.എം.കെയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെടുന്നു. തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുകൂട്ടരെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. രാഹുലിന്‍െറ സാന്നിധ്യത്തിലും ഇരുവിഭാഗങ്ങളും തമ്മില്‍ കടുത്ത വാഗ്വാദത്തിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. പിന്നീട് ഇരുകൂട്ടരെയും സമാധാനിപ്പിച്ച് തല്‍ക്കാലം അണ്ണാ ഡി.എം.കെയിലെ ഭിന്നതയില്‍ കക്ഷി ചേരേണ്ടെന്ന് രാഹുല്‍ ഉപദേശിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് എട്ട് എം.എല്‍.എമാരാണുള്ളത്. എം.ജി.ആറിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്ന തിരുനാവുക്കരസര്‍ ഇപ്പോഴും അണ്ണാ ഡി.എം.കെയോട് രാഷ്ട്രീയമായി മൃദസമീപനമാണ് കൈക്കൊള്ളുന്നതെന്ന് ഇ.വി.കെ.എസ്. ഇളങ്കോവനും കൂട്ടരും ആരോപിക്കുന്നു.
ശശികലക്ക് എതിരായ ജനവികാരം ശക്തിപ്പെട്ടുവരുന്നതിനാല്‍ അവര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് ആത്മഹത്യാപരമാകും. ഡി.എം.കെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. രണ്ടുവര്‍ഷത്തിനകം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡി.എം.കെയുമായി അകലുന്നത് തെറ്റായ നിലപാടാവുമെന്നും ഇളങ്കോവന്‍ വിഭാഗം പറയുന്നു. ശശികല വിഭാഗത്തിന് സര്‍ക്കാര്‍ രൂപവത്കരിക്കാനാവശ്യമായ നിയമസഭാംഗങ്ങളുണ്ട്. എന്നാല്‍, പന്നീര്‍സെല്‍വം വിഭാഗത്തിന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ ശശികലക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയാണ് രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്ന് തിരുനാവുക്കരസര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.വി. തങ്കബാലു, സുദര്‍ശന നാച്ചിയപ്പന്‍ തുടങ്ങിയ നേതാക്കളും ഇതേ അഭിപ്രായക്കാരാണ്. ഇ.വി.കെ.എസ്. ഇളങ്കോവന്‍, പി. ചിദംബരം, മണിശങ്കരഅയ്യര്‍, തമിഴ്നാട് നിയമസഭ കക്ഷി നേതാവ് കെ.ആര്‍. രാമസ്വാമി മറുപക്ഷത്തും നിലകൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.