അണ്ണാ ഡി.എം.കെ ഓഫിസിന്റെ താക്കോൽ എടപ്പാടിക്ക് തന്നെ
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ ഓഫിസിന്റെ താക്കോൽ എടപ്പാടി പളനിസാമിക്ക് (ഇ.പി.എസ്) കൈമാറിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ ഒ. പന്നീർശെൽവം (ഒ.പി.എസ്) സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒ.പി.എസ് എങ്ങനെയാണ് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതെന്നും ജഡ്ജിമാർ ചോദിച്ചു. ഇതോടെ അണ്ണാ ഡി.എം.കെയുടെ പൂർണ നിയന്ത്രണം നിയമപരമായി ഇ.പി.എസിന്റെ കൈയിലായിരിക്കുകയാണ്.
പാർട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലാത്തതിനാൽ ഓഫിസിന്റെ താക്കോൽ ഒ.പി.എസിന് കൈമാറരുതെന്ന് ഇ.പി.എസ് നേരത്തെ സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 11ന് ചെന്നൈയിലെ പാർട്ടി ഓഫിസിൽ ബഹളം സൃഷ്ടിച്ച ശേഷം ഒ.പി.എസും അനുയായികളും പാർട്ടി ഓഫിസിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതായും ഇ.പി.എസ് ആരോപിച്ചു. പാർട്ടി ആസ്ഥാനത്ത് ഇരു വിഭാഗം അനുയായികളും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് റവന്യൂ വകുപ്പ് ജൂലൈ 11ന് ഓഫിസ് പൂട്ടി സീൽ ചെയ്തിരുന്നു. തുടർന്ന് ഇരുകൂട്ടരും മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ജൂലൈ 20ന് ഓഫിസിന്റെ താക്കോൽ ഇ.പി.എസിന് കൈമാറാൻ കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ഒ.പി.എസ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് സുപ്രീംകോടതി വിധി. ഇതേത്തുടർന്ന് സംസ്ഥാനമൊട്ടുക്കും ഇ.പി.എസ് അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തി. പാർട്ടിയിലെ ബഹുഭൂരിപക്ഷം എം.എൽ.എമാരും നേതാക്കളും ഇ.പി.എസിനോടൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.