തമിഴ്നാട്ടിൽ പ്രമുഖർ പത്രിക നൽകി
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തിങ്കളാഴ്ച അതത് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി സേലം ജില്ലയിലെ എടപ്പാടി താലൂക്ക് ഒാഫിസിലെത്തി നാമനിർദേശ പത്രിക നൽകി.
ഇൗ മണ്ഡലത്തിൽ ഏഴാം തവണയാണ് പളനിസാമി ജനവിധി തേടുന്നത്. ചെന്നൈ കൊളത്തൂരിൽ ഹാട്രിക് വിജയം തേടി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പത്രിക നൽകി. പിന്നീട് മണ്ഡലത്തിൽ റോഡ്ഷോ നടത്തി. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന നടനും മക്കൾ നീതി മയ്യം പ്രസിഡൻറുമായ കമൽഹാസൻ കോയമ്പത്തൂർ കോർപറേഷൻ മധ്യ മണ്ഡല ഒാഫിസിലാണ് പത്രിക സമർപ്പിച്ചത്.
കോയമ്പത്തൂർ സൗത്തിൽ കമൽഹാസനെതിരെ മത്സരിക്കുന്ന ബി.ജെ.പിയിലെ മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും പത്രിക നൽകി. തിരുവൊറ്റിയൂരിൽ നാം തമിഴർ കക്ഷി നേതാവ് സീമാനും കോവിൽപട്ടിയിൽ അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരനും ചെപ്പോക്ക്- തിരുവല്ലിക്കേണിയിൽ ഉദയ്നിധി സ്റ്റാലിനും പത്രിക നൽകി. അണ്ണാ ഡി.എം.കെ മന്ത്രിമാരുൾപ്പെടെ വിവിധ കക്ഷികളുടെ ഭൂരിഭാഗം സ്ഥാനാർഥികളും തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.
രാഷ്ട്രീയം 'തൊഴിൽ' അല്ലെന്ന് കമൽഹാസൻ
ചെന്നൈ: രാഷ്ട്രീയപ്രവർത്തനം തങ്ങൾക്ക് തൊഴിൽ അല്ലെന്നും കടമയാണെന്നും മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ.
മേയ് രണ്ടിനുശേഷം കമൽഹാസന് സിനിമാഭിനയത്തിലേക്കും ബിഗ്ബോസിലേക്കും തിരിച്ചുപോകേണ്ടിവരുമെന്ന എതിർ സ്ഥാനാർഥിയും ബി.െജ.പി മഹിള മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ മേഖലയിൽനിന്ന് വന്നാലും ജനസേവനം നടത്തിയവർ മാത്രമേ രാഷ്ട്രീയത്തിൽ ശോഭിച്ചിട്ടുള്ളൂവെന്നും വാനതി പറഞ്ഞിരുന്നു. രാഷ്ട്രീയപ്രവർത്തനം കടമയായാണ് കരുതുന്നതെന്നും അഭിനയമെന്നത് തെൻറ തൊഴിലാണെന്നും രാഷ്ട്രീയവും അഭിനയവും ഒരേപോലെ കൈകാര്യം ചെയ്യുമെന്നും കമൽഹാസൻ പറഞ്ഞു. മതസൗഹാർദം തകർക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിെൻറ ഭാഗമായാണ് കോയമ്പത്തൂരിലെ തെൻറ സ്ഥാനാർഥിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.