മുഖ്യമന്ത്രിയുടെ ഉറപ്പിൽ തമിഴ് കർഷക സമരം പിൻവലിച്ചു
text_fieldsചെന്നൈ: വാഗ്ദാനങ്ങൾ പാലിക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉറപ്പുനൽകിയതിനെ തുടർന്ന് ചെന്നൈയിൽ തുടങ്ങിയ കർഷകസമരം പിൻവലിച്ചു. കർഷക നേതാവ് പി. അയ്യാകണ്ണിനെ മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഉറപ്പുനൽകിയത്. ബാങ്ക്വായ്പ എഴുതിത്തള്ളുമെന്നും വരൾച്ച ദുരിതാശ്വാസത്തിന് 1980 കോടി രൂപ കൈമാറാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അയ്യാകണ്ണ് പറഞ്ഞു.
സമരവേദിയിൽനിന്ന് തോർത്തുമുണ്ട് ഉടുത്താണ് കർഷനേതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ‘‘മുഖ്യമന്ത്രി ഞങ്ങളെ ക്ഷണിച്ച് വാഗ്ദാനങ്ങൾ പാലിക്കാമെന്ന് ഉറപ്പുനൽകി, ഷർട്ടും മുണ്ടും നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്’’ -സെക്രേട്ടറിയറ്റ് വളപ്പിൽ വാർത്തസമ്മേളനത്തിൽ അയ്യാകണ്ണ് പറഞ്ഞു.വരൾച്ച ദുരിതാശ്വാസം, ബാങ്ക്വായ്പ എഴുതിത്തള്ളുക, അന്തർ സംസ്ഥാന നദീസംയോജനം, കാവേരി നദീജല മാനേജ്െമൻറ് രൂപവത്കരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ വീണ്ടും സമരം തുടങ്ങിയത്. ഡൽഹിയിൽ നടത്തിയ കർഷകസമരം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ രണ്ടു മാസമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകാത്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച കർഷകർ സമരം തുടങ്ങിയത്. സമരം വീണ്ടും ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കർഷക സമരങ്ങളുമായി യോജിച്ചു മുന്നോട്ടു പോകാനായിരുന്നു നീക്കം. കർഷക പ്രക്ഷോഭം ജെല്ലിക്കെട്ട് സമരത്തിന് സമാനമായി മാറാതിരിക്കാനാണ് കർഷകരെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി പ്രശ്നംപരിഹരിച്ചത്. കർഷകർക്കുള്ള പിന്തുണയുമായി യുവജനങ്ങൾ സംഘടിക്കുന്നത് തടയാൻ മറീന കടൽക്കരയിൽ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.