ബി.ജെ.പിയുടെ 'വർഗീയ യാത്രക്ക്'അനുമതി നിഷേധിച്ച് തമിഴ്‌നാട് സർക്കാർ; കോവിഡ് പരത്തുമെന്നും കോടതിയിൽ
text_fieldsനവംബർ ആറിനും ഡിസംബർ ആറിനും ഇടയിൽ സംസ്ഥാനത്ത് നടക്കാനിരുന്ന വെട്രിവേൽ യാത്രക്ക് അനുമതി നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് പ്രോേട്ടാക്കോൾ നിലനിൽക്കുന്നതുകൊണ്ടാണ് അനുമതി നൽകാത്തതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കോവിഡ് കാരണം യാത്ര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹരജികൾ ഹൈക്കോടതി പരിഗണിച്ചിരുന്നു. യാത്ര പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഹരജിക്കാർ പറഞ്ഞു.
സാമുദായിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനായി മാത്രമാണ് ബാബറി മസ്ജിദ് തകർത്തതിെൻറ വാർഷികമായ ഡിസംബർ ആറിന് യാത്ര അവസാനിക്കാനിരിക്കുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരാണ് കേസ് പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാറിെൻറ അഭിപ്രായം ആരാഞ്ഞപ്പോഴാണ് അനുമതി നൽകാനാവില്ലെന്ന് അറിയിച്ചത്. കേന്ദ്രസർക്കാരിെൻറ മാർഗ്ഗനിർദ്ദേശങ്ങൾ മതപരമായ ഒത്തുകൂടലുകളെ വിലക്കുന്നില്ലെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്ന് മാത്രമാണ് പറയുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡൻറ് എൽ. മുരുകൻ കോടതിയിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തമിഴ്‌നാട് ഘടകമാണ് അയോധ്യ രഥയാത്ര മാതൃകയിൽ വേൽയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഒരു മാസം നീളുന്നതാണ് യാത്ര. യാത്രക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ, സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി എന്നീ പാർട്ടികൾ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പരിപാടി കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുരുകെൻറ ആറുപടൈ വീടുകളായി കരുതപ്പെടുന്ന തമിഴ്നാട്ടിലെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനമൊട്ടുക്കും ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ എൽ. മുരുകൻ നയിക്കുന്ന 'വെട്രിവേൽ യാത്ര'യിലെ വിവിധ സ്വീകരണ പരിപാടികളിൽ ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതാക്കൾ പെങ്കടുക്കും.
നവം. ആറിന് തിരുത്തണിയിൽനിന്ന് ആരംഭിച്ച് ഡിസംബർ ആറിന് തിരുച്ചെന്തൂരിൽ സമാപിക്കും. ആത്മീയപരിവേഷത്തോടെ നടക്കുന്ന യാത്രയിൽ പ്രവർത്തകർ വേലുകളേന്തിയാണ്(ശൂലം) പെങ്കടുക്കുക. വഴിനീളെ വിവിധ കേന്ദ്രങ്ങളിൽ പൂജാകർമങ്ങൾ നടത്തി പരമാവധി ജനങ്ങളെ പാർട്ടിയോട് അടുപ്പിക്കയാണ് ലക്ഷ്യം. പ്രചാരണ പരിപാടികളിൽ എം.ജി.ആറിെൻറ പടം ഉൾപ്പെടുത്തിയതിൽ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ കടുത്ത അതൃപ്തിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.