തമിഴ്നാട്ടിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി; ഗവർണർ വായിച്ചത് എഴുതിക്കൊടുത്ത പ്രസംഗമല്ലെന്ന്
text_fieldsചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ അസാധാരണവും നാടകീയവുമായ രംഗങ്ങൾക്ക് തിങ്കളാഴ്ച തമിഴ്നാട് നിയമസഭ സാക്ഷ്യംവഹിച്ചു. ഗവർണർക്കെതിരായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പ്രമേയാവതരണവും ഇതിൽ പ്രതിഷേധിച്ച് ഗവർണറുടെ ഇറങ്ങിപ്പോക്കുമുണ്ടായി. മുഖ്യമന്ത്രി സ്റ്റാലിൻ പ്രസംഗിക്കുന്നതിനിടെയാണ് ഗവർണർ സഭ വിട്ടത്.
സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാർദം, സ്ത്രീകളുടെ അവകാശം ഉൾപ്പെടെയുള്ള മതേതര പരാമർശങ്ങളും ഒഴിവാക്കിയാണ് ഗവർണർ സംസാരിച്ചത്. ക്രമസമാധാന പാലനത്തിൽ സംസ്ഥാനം മികച്ചുനിൽക്കുന്നതായ വാചകവും അദ്ദേഹം വിട്ടുകളഞ്ഞു.
ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയതിനെതിരെ ഭരണകക്ഷി അംഗങ്ങൾ ശക്തിയായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ശക്തിയായ എതിർപ്പ് പ്രകടിപ്പിച്ചു. സർക്കാറിന്‍റെ ദ്രാവിഡ മാതൃകാ തത്ത്വങ്ങൾക്ക് വിരുദ്ധമായ ഗവർണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നിയമസഭ ചട്ടം 17ൽ ഇളവ് വരുത്തി സ്പീക്കർ വായിച്ച അച്ചടിച്ച തമിഴ് പതിപ്പ് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ഡി.എം.കെയും സഖ്യകക്ഷികളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിൽ പ്രകോപിതനായാണ് ഗവർണർ ഇറങ്ങിപ്പോയത്.
നേരത്തേ ഗവർണർ നിയമസഭയിലെത്തിയപ്പോൾ ഡി.എം.കെ സഖ്യകക്ഷി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ പേര് ‘തമിഴ്നാട്’ എന്നതിന് പകരം ‘തമിഴകം’ എന്നാക്കി മാറ്റുകയാണ് ഉചിതമെന്ന ഗവർണറുടെ പ്രസ്താവനയും സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശങ്ങളും സംസ്ഥാനത്ത് വൻ വിവാദമായ സാഹചര്യത്തിലാണ് പ്രതിഷേധം. ഗവർണർ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സർക്കാറിന്‍റെ നേട്ടങ്ങൾ പെരുപ്പിച്ച് കാണിച്ചതിനാലാണ് ചില ഭാഗങ്ങൾ ഒഴിവാക്കിയതെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.