തമിഴ്നാടല്ല, ‘തമിഴക’മാണ് അനുയോജ്യമെന്ന് ഗവർണർ; പൊങ്കൽ ക്ഷണക്കത്തിൽ സർക്കാർ ചിഹ്നങ്ങൾ ഒഴിവാക്കി
text_fieldsചെന്നൈ: തമിഴ്നാടിന് ഏറ്റവും അനുയോജ്യമായ പേര് തമിഴകം എന്നാണെന്ന് സംസ്ഥാന ഗവർണർ ആർ.എൻ. രവി. സർക്കാറിനെ ഗവർണർ പൊങ്കലിനായി ക്ഷണിച്ചതിൽ തമിഴ്നാട് എന്നതിന് പകരം തമിഴകം എന്നാണ് ഉപയോഗിച്ചത്. എന്നാൽ കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ തമിഴ്നാട് എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
തമിഴിൽ ഉള്ള കത്തിൽ സർക്കാറിന്റെ ചിഹ്നവും മറ്റും ഒഴിവാക്കപ്പെടുകയും കേന്ദ്ര സർക്കാറിന്റെ ചിഹ്നങ്ങൾ മാത്രം ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അത് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും അണികളെയും ചൊടിപ്പിച്ചിരിക്കുകയാണ് ഇവർ നേരത്തെ തന്നെ ഗവർണറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തന്നെ തമിഴകം എന്ന പേരിന് വേണ്ടി ഗവർണർ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അത് ബി.ജെ.പി അഒജണ്ടയാണെന്നും ഗവർണറെ പുറത്താക്കണമെന്നുമായിരുന്നു സർക്കാർ നിലപാട്.
രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുന്ന കാര്യത്തിന് തമിഴ്നാട് എതിര് പറയും. അതൊരു ശീലമായിരിക്കുകയാണ്. നിരവധി കെട്ടുകഥകൾ എഴുതപ്പെട്ടിട്ടുണ്ട്. അവയെല്ലാം തകർത്ത് സത്യം പുറത്തുകൊണ്ടു വരണം. തമിഴകം എന്ന വാക്കാണ് ഏറ്റവും അനുയോജ്യം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ ദീർഘകാലം വിദേശികളുടെ കൈവശമായതിനാൽ വളരെ ബുദ്ധിമുട്ടിയിരുന്നു. തമിഴ്നാട് എന്നാൽ തമിഴരുടെ രാജ്യം എന്നർഥം. തമിഴകം എന്നാൽ തമിഴരുടെ വാസസ്ഥലം എന്നാണ് അർഥമാക്കുന്നത്. അതാണ് ഈ പ്രദേശത്തിന്റെ പൂർവിക നാമവും എന്ന് കഴിഞ്ഞ ആഴ്ച ഒരു പരിപാടിയിൽ ഗവർണർ പ്രസംഗിച്ചിരുന്നു.
തമിഴകം എന്ന വാക്ക് ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിനലൂടെ ഗവർണർ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ ആരോപിക്കുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവനകൾ വസ്തുനിഷ്ഠമല്ലാത്തവയും അപകടകരമായവയുമാണെന്ന് ഡി.എം.കെ നേതാവ് ടി.ആർ. ബാലു പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ ചില വാചകങ്ങൾ സർക്കാർ അംഗീകരിക്കാത്തവയുണ്ടെന്നും അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും സ്റ്റാലിൻ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.