ഹെലികോപ്റ്റർ ദുരന്തം നടന്ന നഞ്ചപ്പൻസത്രം കോളനിയുടെ വികസനത്തിന് രണ്ടര കോടി അനുവദിച്ച് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: ഹെലികോപ്റ്റർ ദുരന്തം നടന്ന നീലഗിരി ജില്ലയിലെ കുനൂർ നഞ്ചപ്പൻസത്രം കോളനിയുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്കായി തമിഴ്നാട് സർക്കാർ രണ്ടര കോടി രൂപ അനുവദിച്ചു. കുനൂർ പഞ്ചായത്ത് യുനിയൻ പ്രസിഡൻറ് സുനിതയാണ് ഇക്കാര്യമറിയിച്ചത്.
കോളനിയിലെ റോഡ്, സുരക്ഷാഭിത്തി നിർമാണം, വീടുകളുടെ അറ്റകുറ്റപണി, കുടിവെള്ളം തുടങ്ങിയവക്കാണ് തുക വിനിയോഗിക്കുക. കോളനിയിൽ സ്മാരക സ്തൂപം നിർമിച്ച് കാേട്ടരി പാർക്കിന് ബിപിൻറാവത്തിെൻറ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
ഒരാഴ്ച മുൻപുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 സൈനികരാണ് ദാരുണമായി മരിച്ചത്. സംഭവം നടന്നയുടൻ കോളനിവാസികളാണ് അധികൃതർക്ക് ആദ്യം വിവരം നൽകിയത്.
പൊലീസ്- അഗ്നിശമന- മിലിട്ടറി വിഭാഗങ്ങൾ എത്തുന്നതിന് മുൻപെ കോളനിവാസികൾ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ഇതിെൻറ നന്ദിസൂചകമായി നഞ്ചപ്പൻസത്രം കോളനി ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് വ്യോമസേനാധികൃതർ അറിയിച്ചിരുന്നു. കമ്പിളി പുതപ്പുകളും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളും സൈന്യം വിതരണം ചെയ്തിരുന്നു. 60ഒാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ബംഗളുരുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ വരുൺസിങ്ങിെൻറ മരണവിവരം ഗ്രാമത്തെ ശോകത്തിലാഴ്ത്തി. വരുൺസിങ് ഉൾപ്പെടെ നാലുപേരെയാണ് ജീവനോടെ ഗ്രാമവാസികൾ വെല്ലിങ്ടൺ സൈനികാശുപത്രിയിലെത്തിച്ചത്. ഇതിൽ മൂന്നുപേർ താമസിയാതെ മരിച്ചു. പിന്നീട് വരുൺസിങ്ങിനെ എയർ ആമ്പുലൻസ് മാർഗം ബംഗളുരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. തകർന്ന ഹെലികോപ്റ്ററിെൻറ മുഴുവൻ ഭാഗങ്ങളും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.