തമിഴ്നാട് ദുരഭിമാനക്കൊല: പത്ത് പേർക്ക് ജീവപര്യന്തം വിധിച്ച് കോടതി
text_fieldsമധുര: തമിഴ്നാട് ദുരഭമാനക്കൊലക്കേസിൽ പത്ത് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിൽ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിലായി ജീവപര്യന്തവും, മറ്റ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ജാതി സമുദായമായ കൊങ്കു വെള്ളാളർക്കുവേണ്ടി പോരാടുന്ന ധീരൻ ചിന്നമലൈ പേരവൈയുടെ തലവനാണ് യുവരാജ്.
ദലിത് വിഭാഗത്തിൽപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥി ഗോകുൽരാജിനെ 2015ലാണ് സംഘം കൊലപ്പെടുത്തുന്നത്. ഇതര ജാതിയിലുള്ള യുവതിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട് മണിക്കൂറുകൾക്കകം ഗോകുൽരാജിനെ നാമക്കൽ ജില്ലയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം യുവാക്കൾ അമ്പലത്തിൽ നിന്നും ഗോകുൽരാജിനെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ പൊലീസ് പിടികൂടി.
സംഭവത്തിൽ നാമക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആറ് പേരെ പിടികൂടുകയും ചെയ്തിരുന്നു. കേസിലെ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു.
ഗോകുൽരാജിന്‍റെ പോക്കറ്റിൽ നിന്നും ലഭിച്ച കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിനും ദുരൂഹമരണത്തിനും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതര ജാതിയിലുള്ള പെൺകുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ച് വീട്ടുകാർ രംഗത്തെത്തുകയായിരുന്നു. കൊലപാതകത്തിന് കേസെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം പ്രഖ്യാപിച്ചതോടെയാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.