വിഷമദ്യ ദുരന്തം: മരണം 57; കടുത്ത നടപടികളുമായി തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ചികിത്സയിൽ കഴിയുന്ന 20ഓളം പേരുടെ നില അതിഗുരുതരമായി തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പ്രതികളെ സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ചാടിപ്പോയ സുബ്രഹ്മണ്യം എന്നയാളും ഞായറാഴ്ച മരിച്ചു. വിഷമദ്യത്തിൽ കലർത്താനുപയോഗിച്ച മെഥനോൾ വാങ്ങിയ മാതേഷ് ചെക്പോസ്റ്റുകളിൽ മറ്റൊരാളുടെ ജി.എസ്.ടി നമ്പറാണ് ഉപയോഗിച്ചതെന്ന് സി.ബി.സി.ഐ.ഡി കണ്ടെത്തി. വാറ്റുകേന്ദ്രങ്ങൾക്ക് മെഥനോൾ വിതരണം ചെയ്തിരുന്ന മുഖ്യ ഏജന്റാണ് മാതേഷ്. കടലൂർ പൻരുട്ടിയിലെ ചിപ്സ് കടയുടമ ശക്തിവേലിന്റെ ജി.എസ്.ടി നമ്പറാണ് അനധികൃത മെഥനോൾ കടത്തിന് ഉപയോഗിച്ചത്.
ശക്തിവേലിനെയും അറസ്റ്റ് ചെയ്തു. മെഥനോൾ മൊത്ത വിതരണ ഏജന്റ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷചാരായം വാറ്റി വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ രാമർ, ജോസഫ്‍രാജ, ചിന്നദുരൈ, സഹോദരൻ ദാമോദരൻ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കാലാവധി കഴിഞ്ഞ മെഥനോൾ ഉപയോഗിച്ചതും വാറ്റു സമയത്ത് അനുപാതം തെറ്റിയതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്നവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും നടൻ കമൽഹാസൻ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.