ക്രമസമാധാനം നിലനിൽക്കുന്നതിനാലാണ് തമിഴ്നാട്ടിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നതെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: സംസ്ഥാനത്ത് ക്രസമാധാനം നിലനിൽക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെയും തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുടെയും ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ക്രമസമാധാനം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിദേശ നിക്ഷേപങ്ങൾ തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ഇരു നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. കഞ്ചാവ് വിൽപന ക്രമാതീതമായി വർധിച്ചതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമെന്ന് പളനിസ്വാമി ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവ് തന്‍റെ സാന്നിധ്യം അറിയിക്കാൻ മാത്രമാണ് ഇടക്കിടെ ഇത്തരം ആരോപണങ്ങളുമായി എത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്ത് ഡി.എം.കെ അധികാരത്തിലെത്തിയതിന് ശേഷം കലാപമോ ക്രൂരമായ കൊലപാതകങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ വരുന്നത് ക്രമസമാധാനം കൃത്യമായി നടക്കുന്നുണ്ടെന്നതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്റ്റാലിന് മകന്‍റെ സിനിമ കാണാൻ മാത്രമേ സമയമുള്ളൂവെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ അദ്ദേഹത്തിന് സമയമില്ല. ബി.ജെ.പി പ്രവർത്തകൻ ബാലചന്ദ്രന്‍റെ കൊലപാതകം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
അണ്ണാമലൈയുടെ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ സദ്ഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്റ്റാലിൻ മറുപടി നൽകി. താൻ ജനങ്ങൾക്ക് നന്മ ചെയ്യാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ അണ്ണാമലൈ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.