തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പി അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്, അണ്ണാ ഡി.എം.കെ ക്യാമ്പിൽ നിരാശ
text_fieldsചെന്നൈ: തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയെന്ന ബി.ജെ.പി അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. 230 നഗര പഞ്ചായത്ത് വാർഡുകളിലും 56 നഗരസഭ വാർഡുകളിലും 22 കോർപറേഷൻ വാർഡുകളിലുമായി മൊത്തം 308 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഈ സാഹചര്യത്തിലാണ് ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ശേഷം ബി.ജെ.പി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് പാർട്ടി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ അവകാശപ്പെട്ടത്. ചെന്നൈ കോർപറേഷനിൽ ഇരുപതോളം വാർഡുകളിൽ ഡി.എം.കെക്കുപിന്നിൽ ബി.ജെ.പി രണ്ടാം സ്ഥാനത്താണെന്നും കോയമ്പത്തൂരിൽ ബി.ജെ.പി 15 ശതമാനം വോട്ട് നേടിയതായും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
എന്നാൽ, അണ്ണാമലൈയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ.എസ്. അഴഗിരി തിരിച്ചടിച്ചു. ചെന്നൈ കോർപറേഷനിലെ 200 വാർഡുകളിൽ ഒരിടത്ത് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതേസമയം 16 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 13 ഇടങ്ങളിൽ വിജയിച്ചു. മൊത്തം 73 കോർപറേഷൻ വാർഡുകളിലും 151 നഗരസഭ വാർഡുകളിലും 368 നഗര പഞ്ചായത്ത് വാർഡുകളിലുമായി മൊത്തം 592 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. 2011ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാളും 0.7 ശതമാനം സീറ്റുകൾ മാത്രം ലഭിച്ച ബി.ജെ.പിക്ക് ഏറ്റവും വലിയ മൂന്നാം കക്ഷിയാണെന്ന് അവകാശപ്പെടാൻ അർഹതയില്ല. കോൺഗ്രസാണ് ഏറ്റവും വലിയ മൂന്നാം കക്ഷി. തമിഴ്നാട്ടിൽ 10 ജില്ലകളിൽ ബി.ജെ.പിക്ക് ഒരു സീറ്റിൽപോലും വിജയിക്കാനായിട്ടില്ലെന്നും അഴഗിരി ചൂണ്ടിക്കാട്ടി.
നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചാണ് ഡി.എം.കെ സഖ്യം അണ്ണാ ഡി.എം.കെ കോട്ടകൾ തകർത്ത് മികച്ച നേട്ടം കൊയ്തത്. 1996നുശേഷമുള്ള അണ്ണാ ഡി.എം.കെയുടെ ഏറ്റവും മോശമായ പ്രകടനമാണിത്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് തോൽവികൾക്കുപിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി തകർന്നടിഞ്ഞതോടെ പ്രവർത്തകർ കടുത്ത നിരാശയിലാണ്. ഡി.എം.കെയുടെ തണലിൽ ഇടതുകക്ഷികളും മുസ്ലിം ലീഗും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സി.പി.എമ്മിന് മൊത്തം 166 സീറ്റും സി.പി.ഐക്ക് 58 സീറ്റും മുസ്ലിം ലീഗിന് 41 സീറ്റും കിട്ടി. എസ്.ഡി.പി.ഐ 22 സീറ്റുകളിൽ വിജയിച്ചു. അസാദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടി വാണിയമ്പാടി നഗരസഭയിലെ രണ്ട് വാർഡുകളിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.