കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
text_fieldsന്യൂഡൽഹി: 68 പേരുടെ മരണത്തിന് ഇടയാക്കിയ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം സി.ബി.ഐ അന്വേഷിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവ്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി, പി.എം.കെ എന്നിവരുടെ ഹരജികളിൽ ജസ്റ്റിസുമാരായ ഡി. കൃഷ്ണകുമാർ, പി. ബി. ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. കേസിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തി പത്തോളം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ, ഹോസ്റ്റൽ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചിരുന്നു.
കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഷ മദ്യം വിറ്റ ഗോവിന്ദ്‍രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 200 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയിൽ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.