പെരിയോറിന്റെ പ്രതിമയിൽ ചെരിപ്പുമാല അണിയിച്ച് കാവിപൊടി വിതറിയ കേസ്; പ്രതികൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ പെരിയോർ ഇ.വി. രാമസ്വാമിയുടെ പ്രതിമയിൽ ചെരിപ്പ് മാല അണിയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി. ഹിന്ദു മുന്നണി പ്രവർത്തകരായ രണ്ടുപേർക്കെതിരെയാണ് കേസ്.
വെല്ലൂർ സ്വദേശികളായ 26കാരൻ അരുൺ കാർത്തിക്, 28കാരനായ വി. മോഹൻരാജ് എന്നിവരെ ജനുവരി 11നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കസ്റ്റഡി ഉത്തരവ് ചൊവ്വാഴ്ച ലഭിച്ചു.
ജനുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. വെല്ലൂർ തന്തൈ പെരിയോർ സ്റ്റഡി സെന്ററിന് മുൻപിൽ സ്ഥാപിച്ച പ്രതിമയിൽ ഇരുവരും ചെരിപ്പ് മാലയണിക്കുകയും കാവി നിറത്തിലുള്ള പൊടി വിതറുകയുമായിരുന്നു. തുടർന്ന് ദ്രാവിഡർ കഴകം, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദുമുന്നണി പ്രവർത്തകരായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.