മഴഭീതി ഒഴിയാതെ തമിഴ്നാട്; വെള്ളക്കെട്ടിന് ശമനമില്ല
text_fieldsചെന്നൈ: മൂന്നു ദിവസമായി തുടരുന്ന മഴയിൽ ചെന്നൈയിലെ പല നഗരങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. കരകവിഞ്ഞൊഴുകുന്ന നദികൾ പോലെയാണ് ഇപ്പോൾ റോഡുകൾ. റിസർവോയറുകളും നിറഞ്ഞൊഴുകുകയാണ്. മഴക്കെടുതിയിൽ നാല് പേർ മരിക്കുകയും 60 ലധികം വീടുകൾ തകരുകയും ചെയ്തു. 16 കന്നുകാലികൾ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച ദുരന്തമാണിത്. ചെന്നൈ, തേനി, മധുര ജില്ലകളിലാണ് അപകടം ഏറെയും.
സംസ്ഥാനത്തിന്‍റെ താഴ്ന്ന ഭാഗങ്ങൾ, ചെന്നൈയിലെ പൂണ്ടി, ചോളവാരം, പുഴൽ, ചെമ്പരമ്പാക്കം, തേർവായ് കണ്ടിഗൈ റിസർവോയറുകൾ, നഗരത്തിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള വീരാണം തടാകം എന്നിവിടങ്ങളിൽ നിന്ന് മിച്ചജലം തുറന്നുവിട്ടു. വുഷ്ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
തമിഴ്‌നാട്ടിലെയും കർണാടകയിലെയും കാവേരി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. കോയമ്പത്തൂർ ജില്ലാ ഭരണകൂടവും വെല്ലൂർ ജില്ലാ അധികൃതരും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലസംഭരണികളിൽ നിന്ന് അധികജലം തുറന്നുവിടുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ ജനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ചെന്നൈ നഗരത്തിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സുരക്ഷ കണക്കിലെടുത്ത് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. സിറ്റി പൊലീസ് സ്റ്റേഷൻ അടക്കം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഏതാനും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
290 പ്രദേശങ്ങളിലാണ് കനത്ത വെള്ളക്കെട്ട് തുടരുന്നത്. ഇവിടങ്ങളിൽ വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം ഒഴുക്കി വിടാനുളള ശ്രമങ്ങൾ തുടരുകയാണ്. 14 റോഡുകളിൽ നിന്ന് പൂർണമായും വെള്ളം ഒഴുക്കിക്കളഞ്ഞു. സംസ്ഥാനത്തെ 34 ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്. മത്സ്യത്തൊഴിലാളികൾ നവംബർ ഒമ്പതിനും 12നും ഇടയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രണ്ട് ദിവസമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. വെള്ളം നീന്തി ദുരിത പ്രദേശങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.