സംവരണ നിഷേധം മൂലം ഡിഗ്രി സ്വപ്നം പൂവണിഞ്ഞില്ല; റാങ്ക് ജേതാവ് പശുവിനെ വളർത്തുന്നു
text_fieldsഈറോഡ് (തമിഴ്‌നാട്): ചന്ദ്രന്‍റെ മാതാപിതാക്കൾക്ക് 11 മക്കളാണ്. തന്‍റെ കുടുംബത്തിൽ നിന്ന് മാത്രമല്ല ഈറോഡിനടുത്തുള്ള ബർഗൂർ ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദധാരിയാകാൻ ഒരുങ്ങുകയായിരുന്നു ചന്ദ്രൻ. ഗോപിച്ചെട്ടിപ്പാളയത്തിലെ സർക്കാർ സ്കൂളിലെ വൊക്കേഷനൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിച്ച് 600ൽ 444 മാർക്ക് നേടിയ ചന്ദ്രൻ തമിഴ്‌നാട് വെറ്ററിനെറി ആൻഡ് അനിമൽ ഹസ്ബെൻഡറി യൂനിവേഴ്‌സിറ്റിയിൽ (താനുവാസ്) ബാച്ച്ലർ ഓഫ് വെറ്ററിനറി സയൻസസ് ആൻഡ് ആനിമൽ ഹസ്ബെൻഡറി കോഴ്സ് പഠിക്കുന്നതും തന്‍റെ കുടുംബത്തെ കരകയറ്റുന്നതും സ്വപ്നം കണ്ടു. നല്ല റോഡുകളോ മൊബൈൽ നെറ്റ്വർക്കോ പോലുമില്ലാത്ത ആ നാടിന്‍റെ കൂടി സ്വപ്നമായിരുന്നു ചന്ദ്രന്‍റെ വിദ്യാഭ്യാസം.
നല്ല മാർക്കുണ്ടായതിനാൽ 2019ൽ തന്‍റെ ഇഷ്ട കോഴ്സിന് പ്രവേശനം ലഭിക്കുമെന്ന് ചന്ദ്രന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ചോളഗർ ഗോത്ര വിഭാഗക്കാരനായിരുന്നു ചന്ദ്രൻ. വൊക്കേഷനൽ വിഭാഗത്തിൽ പട്ടിക വിഭാഗക്കാരിൽ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരനായിരുന്നു ചന്ദ്രൻ. കോളജ് റാങ്ക്ലിസ്റ്റിൽ 146ാം റാങ്കുകാരനായി. സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനക്കാരനായിരുന്നെങ്കിലും കോളജ് അഡ്മിഷൻ കിട്ടാൻ അത് മതിയായില്ല.
ക്വാട്ടക്കനുസരിച്ചുള്ള സീറ്റില്ല
2020 ൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ചന്ദ്രൻ, ഗോത്ര വിദ്യാർഥികൾക്ക് ഒരു സീറ്റെങ്കിലും അനുവദിക്കണമെന്ന് സർവകലാശാലകളോട് അഭ്യർഥിക്കുകയും വൊക്കേഷനൽ വിദ്യാർഥികൾക്കുള്ള സംവരണം വർധിപ്പിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
താനുവാസ് പിന്തുടർന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് 360 സീറ്റുകളിൽ 54 സീറ്റുകൾ (മൊത്തം സീറ്റിന്‍റെ 15 ശതമാനം) അഖിലേന്ത്യ ക്വോട്ടയാണ്. ഇത് ന്യൂഡൽഹിയിലെ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ് തിരഞ്ഞെടുക്കുക. ബാക്കി 306 സീറ്റുകളാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക്. 1984 ലെ സർക്കാർ ഉത്തരവനുസരിച്ച് 306 സീറ്റുകളിൽ ഒരു ശതമാനം അതായത് മൂന്ന് സീറ്റുകൾ പട്ടികവർഗ വിദ്യാർഥികൾക്കായി നീക്കിവച്ചിരിക്കുന്നു. വൊക്കേഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അഞ്ച് ശതമാനം, അതായത് 18 സീറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
മൊത്തം സീറ്റുകളുടെ അഞ്ച് ശതമാനം വൊക്കേഷനൽ വിഭാഗക്കാർക്കും ബാക്കി 95 ശതമാനം അക്കാദമിക് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കുമായാണ് നീക്കിവച്ചതെന്ന് സർവകലാശാല വ്യക്തമാക്കി. എസ്.ടി വിഭാഗത്തിൽ നിന്നുള്ള മൂന്ന് സീറ്റുകളും അക്കാദമിക് സ്ട്രീമിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് നൽകിയത്.
അതുപോലെ, തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയിൽ (ടി.എൻ.എ.യു) 45 സീറ്റുകളിൽ ഒരു ശതമാനം വൊക്കേഷനൽ കോഴ്സുകളിലുള്ള എസ്.ടി വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അതായത് 0.45 സീറ്റ്. അതായത് എസ്.ടി വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർഥിക്കും സീറ്റ് ലഭിക്കില്ല. ഇതോടെ ഹരജി തള്ളിപ്പോയി.
'നാം ഒരുപാട് ചന്ദ്രൻമാർക്ക് സീറ്റ് നിഷേധിക്കുന്നു'
നീതി തേടി ചന്ദ്രൻ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കമീഷൻ 15 ദിവസത്തിനകം ഒരു സീറ്റ് അനുവദിക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകിയെങ്കിലും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായില്ല.
'ഇത് ചന്ദ്രന്‍റെ മാത്രം പ്രശ്നമല്ല. എല്ലാ വർഷവും, ഗോത്ര വിദ്യാർഥികൾക്ക് വൊക്കേഷനൽ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ പ്രവേശനം നിഷേധിക്കപ്പെടുന്നു. ക്വാട്ടക്കനുസരിച്ച് മുഴുവൻ സീറ്റുകളുടെ എണ്ണം ഉയർത്തുന്നില്ല. ഇത് ന്യായമായതിനാൽ പരിഹരിക്കേണ്ടതുണ്ട്. നാം ഒരുപാട് ചന്ദ്രൻമാർക്ക് സീറ്റ് നിഷേധിക്കുന്നു. പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നു' -സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.
തനുവാസ് 2020ൽ സീറ്റുകളുടെ എണ്ണം 480 ആക്കി ഉയർത്തിയിരുന്നു. ഇതോടെ എസ്.ടി വിഭാഗക്കാർക്ക് നാലു സീറ്റുകളുണ്ടാകും. വിഷയത്തിൽ പ്രതികരണം തേടി മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും സർവകലാശാല അധികൃതർ പ്രതികരിച്ചില്ല.
ജീവിക്കാനായി പശുവിനെ വളർത്തുന്നു
ചന്ദ്രന്‍റെ ജീവിതം ചെറുപ്പം തൊട്ട് തന്നെ ദുരിതപൂർണമായിരുന്നു. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ബാലവേലക്കിറങ്ങിയ ചന്ദ്രനെ ആറാം വയസിൽ രക്ഷിച്ച് നാഷനൽ ചൈൽഡ് ലേബർ പ്രൊജക്ടിന്റെ കോങ്കൈഡയിലുള്ള സ്പെഷ്യൽ സ്കൂളിൽ ചേർക്കുകയായിരുന്നു. പിന്നീട് സാധാരണ സ്കൂളിലേക്ക് മാറി. മാതാപിതാക്കൾക്കും 11 സഹോദരങ്ങൾക്കും ഒപ്പം മുക്കാൽ സെന്‍റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലാണ് താമസം. സ്വന്തമായുള്ള എട്ട് പശുക്കളെ വെച്ചാണ് കുടുംബം പുലർന്ന് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.