മരംമുറി: കേരളം അനുമതി നൽകിയ രേഖ തമിഴ്നാട് പുറത്തുവിട്ടു
text_fieldsതിരുവനന്തപുരം: കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ വിശദമായി ചർച്ചചെയ്ത ശേഷമാണ് ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ. നവംബർ രണ്ടിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തമിഴ്നാടിനയച്ച യോഗത്തിെൻറ മിനിറ്റ്സ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 17ന് നടന്ന വിഡിയോ കോൺഫറൻസിൽ മരം മുറിക്കാൻ അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് കേരളം തമിഴ്നാടിനെ അറിയിച്ചിരുന്നു. നവംബർ ഒന്നിലെ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗം ഉൾപ്പെടെ, നടപടി ക്രമങ്ങൾക്ക് ശേഷമാണ് ചീഫ് വൈൽഡ് ൈലഫ് വാർഡൻ ബെന്നിച്ചൻ തോമസ് നവംബർ അഞ്ചിന് മരംമുറിക്ക് അനുമതി നൽകി ഉത്തരവ് പുറപെടുവിച്ചത്.
മരംമുറി വിഷയത്തിൽ സംയുക്ത പരിശോധനയിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ആവർത്തിക്കുന്നതിനിടെയാണ് ഇൗ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത്.
ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിെൻറയും വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയുടെയും നേതൃത്വത്തിൽ രണ്ടിടത്ത് യോഗങ്ങൾ നടന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വിശദീകരണം നൽകി.
അതിെൻറ അടിസ്ഥാനത്തിൽ മരംമുറി വിഷയത്തിൽ സെക്രട്ടറിമാരുടെ പങ്കിനെക്കുറിച്ചും ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരംമുറി അനുമതി വിവാദമായപ്പോൾ, ഒന്നാം തീയതി യോഗം ചേർന്നില്ലെന്നാണ് ടി.കെ. ജോസ് ജലവിഭവമന്ത്രിയെ അറിയിച്ചത്. എന്നാൽ, സെപ്റ്റംബർ 17ന് നടന്ന യോഗത്തിെൻറ വിശദമായ മിനിറ്റ്സിെൻറ കാര്യം സർക്കാറിൽനിന്ന് മറച്ചുവെക്കുകയോ സർക്കാർ മറച്ചുവെക്കുകയോ ചെയ്തു.
ഇതിനുശേഷമാണ് കുറ്റമെല്ലാം ബെന്നിച്ചനിൽ ചുമത്തി സസ്പെൻറ് ചെയ്തത്. ബെന്നിച്ചൻ സർക്കാറിന് നൽകിയ വിശദീകരണക്കുറുപ്പിൽ നടപടിക്രമങ്ങൾ വിശദമാക്കുന്നതിനൊപ്പം സെപ്റ്റംബർ 17ലെ യോഗത്തിെൻറ മിനിറ്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.