അരിക്കൊമ്പനെ മയക്കുവെടിവെച്ച് ഉൾക്കാട്ടിൽ വിടും; ഉത്തരവ് ലഭിച്ചാലുടൻ ദൗത്യമെന്ന് തമിഴ്നാട് മുഖ്യ വനപാലകൻ
text_fieldsകുമളി: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ഉൾക്കാട്ടിൽ വിടുമെന്ന് തമിഴ്നാട് വനം വകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് ലഭിച്ചാലുടൻ പിടികൂടാനുള്ള തുടർന്ന് നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കും. വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്. ടൗണിലെത്തിയ ആന റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്പം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള ശ്രമത്തിലാണ് വനപാലകർ.
തമിഴ്നാട് വനമേഖലയുടെ അടിവാരത്തിലൂടെ ലോവർ ക്യാമ്പ് വഴിയാണ് ആന ജനവാസ മേഖലയിലെത്തിയത്. തുടർന്ന് കമ്പം ബൈപ്പാസ് കടന്ന് ടൗണിലൂടെ ആന നന്ദഗോപാൽ ക്ഷേത്രത്തിന് സമീപത്ത് വരെ എത്തി. ഈ സ്ഥലത്ത് വെച്ചാണ് നാട്ടുകാർ ആനയെ കാണുന്നത്. തുടർന്ന് നാട്ടുകാർ ബഹളം വെക്കുകയും വാഹനങ്ങളുടെ ഹോൺ മുഴക്കുകയും ചെയ്ത് തുരുത്തി. പിന്നീട് ആന കുമളി റോഡിൽ പ്രവേശിച്ചു. കുമളി റോഡിൽ നിന്നും വീണ്ടും പുളിമരത്തോപ്പിലേക്ക് കയറി.
കമ്പം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എച്ച്.എഫ് ആന്‍റിനയുമായി ആനയുടെ നിലവിലെ സാന്നിധ്യം പരിശോധിക്കുന്നത്. ആനയുടെ കഴുത്തിൽ റേഡിയോ കോളർ ഉണ്ടെങ്കിലും ഇതിൽ നിന്നും കാര്യമായ സിഗ്നലുകൾ ലഭിക്കാത്തതാണ് കാടിറങ്ങിയ വിവരം വനപാലകർ അറിയാൻ വൈകിയത്.
ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നുവിട്ട അരിക്കൊമ്പൻ വ്യാഴാഴ്ച രാത്രിയാണ് കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തിയത്. പ്രദേശവാസിയായ മുരുകന്‍റെ വീടിനു സമീപമാണ് രാത്രി അരിക്കൊമ്പനെ കണ്ടത്. വീടിന്‍റെ കതകിൽ തട്ടിയെങ്കിലും നാശനഷ്ടമൊന്നും വരുത്തിയില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തേക്കടിയിലെ വനപാലകർ തിരികെ കാട്ടിനുള്ളിലേക്ക് ഓടിച്ചു.
വൈകാതെ ആന ടൗണിന് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം ഭാഗത്തും എത്തി. ഇവിടെ വീടുകൾക്ക് സമീപം എത്തും മുമ്പേ വനപാലകരും നാട്ടുകാരും സ്ഥലത്തേക്ക് പാഞ്ഞെത്തി. വനപാലകർ ആകാശത്തേക്ക് വെടിവെച്ചതോടെ ആന ഏറെ അകലെ അല്ലാതെ കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് നീങ്ങി. ഇവിടെ, നിലയുറപ്പിച്ച അരിക്കൊമ്പനെ രാത്രി 11ഓടെ കൂടുതൽ വനപാലകരെത്തി തുരത്തി ഓടിക്കാൻ ശ്രമം നടത്തി.
ഇരുട്ടിൽ ആനയെ കാണാതായതോടെ കാട്ടിലേക്ക് കയറിപ്പോയ റേഞ്ച് ഓഫിസർ ഉൾപ്പെട്ട സംഘത്തെ ആന തുരത്തിയോടിച്ചു. ശബ്ദമുണ്ടാക്കി പാഞ്ഞടുത്തതോടെ വനപാലകരും നാട്ടുകാരും പലവഴിക്ക് ചിതറിയോടി. ഓട്ടത്തിനിടെ ചിലർ വീണെങ്കിലും ആന അടുത്തെത്തും മുമ്പേ രക്ഷപ്പെടാനായി. പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്‍റെ നേതൃത്വത്തിൽ 30 തവണയിലധികം ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ആന ജനവാസ മേഖലക്ക് സമീപത്തുനിന്ന് പുലർച്ച രണ്ടോടെ കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.