കുടുംബത്തെ വീട്ടിലെത്തിക്കാൻ ബൈക്ക് മോഷ്ടിച്ചു; ആവശ്യം കഴിഞ്ഞ് തിരിച്ചേൽപ്പിച്ചു
text_fieldsചെന്നൈ: ദേശീയ ലോക്ഡൗണിൽ ഭാര്യയേയും രണ്ട് കുട്ടികളേയും നാട്ടിലെത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ ബൈക്ക് മോഷ്ടിച്ച യുവാവ് രണ്ടാഴ്ചക്ക് ശേഷം ഉടമസ്ഥന് ബൈക്ക് പാർസലായി അയച്ചുകൊടുത്തു. കോയമ്പത്തൂരിൽ നിന്നും തഞ്ചാവൂരിനടുത്തുള്ള മന്നാർഗുഡിയിലേക്ക് ഭാര്യയേയും മക്കളേയും കൊണ്ടുപോകാൻ മറ്റ് മാർഗങ്ങളില്ലാതെയാണ് യുവാവ് ബൈക്ക് മോഷ്ടിച്ച് രണ്ടാഴ്ച മുൻപ് സ്ഥലം വിട്ടത്.
കോയമ്പത്തൂരിൽ ലെയ്ത്ത് വർക്ക് യൂണിറ്റ് നടത്തുന്ന സുരേഷ്കുമാറാണ് ബൈക്കുടമ. കഴിഞ്ഞ ദിവസം സുരേഷ്കുമാറിനോട് പാർസൽ വാങ്ങിക്കാൻ ഓഫിസിലെത്തണമെന്ന് പാർസൽ കമ്പനി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ച മുൻപ് തന്‍റെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട ഹീറോ ഹോണ്ട സ്പ്ലെൻഡർ തന്നേയും കാത്ത് അവിടെ ഇരിക്കുന്നത് കണ്ട് സുരേഷ്കുമാർ അമ്പരന്നു.
അന്വേഷണങ്ങൾക്ക് ഒടുവിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രദേശത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ്കുമാർ തയാറായില്ല.
എന്തായാലും ഡെലിവറി സമയത്ത് പണം ഈടാക്കാവുന്ന സംവിധാനം ഉപയോഗിച്ചാണ് ഇയാൾ ബൈക്ക് പാർസൽ ചെയ്തത്. അതായത് ബൈക്ക് ലഭിക്കാൻ സുരേഷ്കുമാറിന് 1000 രൂപ കൂടി ചെലവഴിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.