'സംസ്ഥാന സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ സ്വാതന്ത്ര്യ സമരചരിത്രം ഇല്ലാതാകുന്നു'; ആരോപണവുമായി തമിഴ്നാട് ഗവർണർ
text_fieldsചെന്നൈ: സംസ്ഥാന സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രം പാടെ കാണാതായെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചരിത്രം, പൊളിറ്റിക്കൽ സയൻസ് കോഴ്‌സുകളുടെ സിലബസ് കണ്ടപ്പോൾ അവിശ്വാസം തോന്നിയെന്ന് രവി പറഞ്ഞു. ദ്രാവിഡ പ്രസ്ഥാന ചരിത്രമാണ് പാഠ്യപദ്ധതിയിൽ നിറഞ്ഞിരിക്കുന്നതെന്നും ഗവർണർ രവി ആരോപിച്ചു. വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ.
“ചരിത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബി.എ, എം.എ കോഴ്സുകളുടെ പാഠ്യപദ്ധതി ലഭിച്ചപ്പോൾ അതിലൂടെ കടന്നുപോയി. ആദ്യ പ്രതികരണം അവിശ്വാസമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഇതാണ് സിലബസ്. ചരിത്രത്തിലും പൊളിറ്റിക്കൽ സയൻസ് സിലബസിലും ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രം പല സർവകലാശാലകളിലും ഇല്ലാതായിരിക്കുന്നു. പാഠ്യപദ്ധതിയിൽ ദ്രാവിഡ പ്രസ്ഥാനം നിറഞ്ഞിരിക്കുന്നു - ആർ.എൻ. രവി പറഞ്ഞു.
ദ്രാവിഡ പ്രസ്ഥാനം ജനജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് ചരിത്രത്തിന്‍റെ ഭാഗമാണ് എന്നാൽ അത് മാത്രമല്ല ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. സിലബസിൽ നിന്ന് തമിഴ്‌നാടിന്‍റെ മഹത്തായ ചരിത്രം നഷ്‌ടമായെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം ഇല്ലാതാക്കുന്നത് നാടിന് വേണ്ടി കഷ്ടപ്പെട്ടവർക്കും ജീവൻ നൽകിയവർക്കും അപമാനമല്ലേയെന്നും ആർ.എൻ. രവി ചോദിച്ചു.
നാടിന്‍റെയും ജനങ്ങളുടെയും ചരിത്രത്തെ വളച്ചൊടിക്കുന്നത് വളരെ വേദനാജനകമാണ്. ഇത് അവലോകനം ചെയ്യണമെന്ന് വൈസ് ചാൻസലർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ആറ് മാസത്തിനുള്ളിൽ വീണ്ടും വി.സിമാരുമായി കൂടികാഴ്ച നടത്തുമെന്നും അറിയിച്ചു.
അതേസമയം, എം. കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരും ഗവർണറും തമ്മിൽ നിരവധി വിഷയങ്ങളിൽ തർക്കമുണ്ടായതിന് അടുത്തിടെ തമിഴ്‌നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഗവർണർ വഴി സംസ്ഥാനത്ത് ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഭരണകക്ഷിയായ ഡി.എം.കെ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.