നടി ഗായത്രി രഘുറാം ബി.ജെ.പി വിട്ടു: 'നുണയനും കുതന്ത്രജ്ഞനുമായ അണ്ണാമലൈക്ക് കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല'
text_fieldsചെന്നൈ: നടിയും കൊറിയോഗ്രാഫറും റിയാലിറ്റി ഷോ മത്സരാർഥിയുമായ ഗായത്രി രഘുറാം ബി.ജെ.പി വിട്ടു. പാർട്ടിക്കുള്ളിൽ സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലെന്നും ഇതാണ് രാജിക്ക് കാരണമെന്നും അവർ ട്വീറ്റ് ചെയ്തു. സമീപ കാലത്ത് പാർട്ടി നേതൃത്വത്തിന്റെ മുഖ്യ വിമർശകയായിരുന്നു ഗായത്രി.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുടെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഗായത്രി തുറന്നടിച്ചു. വലിയ ദുഃഖത്തോടെയാണീ താൻ ബി.ജെ.പി വിടാൻ തീരുമാനിച്ചതെന്നും പാർട്ടിയിൽ സ്ത്രീകൾക്ക് യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്നുമായിരുന്നു അവരുടെ ട്വീറ്റ്. പുറത്തുനിന്ന് ട്രോളുന്നതാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.
യഥാർഥ 'കാര്യകർത്താക്കളെ' ആരും ശ്രദ്ധിക്കുന്നില്ലെന്നും യഥാർഥ പ്രവർത്തകരെ തുരത്തുക മാത്രമാണ് അണ്ണാമലൈയുടെ ലക്ഷ്യമെന്നും ഗായത്രി തന്റെ ട്വിറ്റർ ത്രെഡിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആശംസകൾ നേരുകയും അവരെ തന്റെ 'വിശ്വഗുരു' എന്നും 'ചാണക്യ ഗുരു' എന്നും വിളിക്കുകയും ചെയ്ത ഗായത്രി, അണ്ണാമലൈ കാരണമാണ് തിടുക്കപ്പെട്ട തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർത്തു. അണ്ണാമലൈ വിലകുറഞ്ഞ തന്ത്രങ്ങൾ മെനയുന്ന നുണയനും അധാർമിക നേതാവുമാണെന്നും കുറ്റപ്പെടുത്തി.
''അണ്ണാമലൈയുടെ നേതൃത്വത്തിൽ എനിക്ക് തുടരാനാവില്ല. സാമൂഹിക നീതി പ്രതീക്ഷിക്കാനാവില്ല. ആരെങ്കിലും നിങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിക്കരുത് സ്ത്രീകൾ സുരക്ഷിതരായിരിക്കുക. ആരും വരാൻ പോകുന്നില്ല. നിങ്ങൾ നിങ്ങളുടെതാണ്. നിങ്ങളെ ബഹുമാനിക്കാത്തിടത്ത് ഒരിക്കലും നിൽക്കരുത്'' -എന്ന് കൂടി പറഞ്ഞാണ് ഗായത്രി ട്വീറ്റ് അവസാനിപ്പിച്ചത്.
എട്ട് വർഷമായി താൻ പ്രവർത്തിച്ച പാർട്ടിയിലെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ അവർ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഹിന്ദു ധർമമല്ലെന്നും പറഞ്ഞു.
ബി.ജെ.പിയുടെ കൾച്ചറൽ വിങ്ങിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ അടുത്തിടെ നീക്കിയിരുന്നു. പാർട്ടിയുടെ ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഗായത്രി പരസ്യമായി പ്രതികരിച്ചിരുന്നു. തുടർന്നായിരുന്നു ഇവരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.