നേപ്പിയർ പാലം ഇനി ചതുരംഗക്കളം; ചെസ് ഒളിമ്പ്യാഡിനൊരുങ്ങി ചെന്നൈ -വൈറലായി വിഡിയോ
text_fieldsചെന്നൈ: ഇന്ത്യയുടെ ചെസ് തലസ്ഥാനം എന്നാണ് ചെന്നൈ അറിയപ്പെടുന്നത്. 44ാമത് എഫ്.ഐ.ഡി.ഇ ചെസ് ഒളിമ്പ്യാഡിന് വേദിയാവാനുള്ള തയാറെടുപ്പിലാണ് നഗരം. എന്നാൽ ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി നഗരത്തിലെ നേപ്പിയർ മേൽപ്പാലത്തിന് ചെസ് ബോർഡിന് സമാനമായ ചായങ്ങൾ നൽകി കിടിലൻ മേക്ക് ഓവർ നൽകിയിരിക്കുകയാണ് അധികൃതർ. ചതുരംഗക്കളമായി മാറിയ നേപ്പിയർ പാലത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ചെന്നൈ മഹാബലിപുരത്ത് ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 188 രാജ്യങ്ങളിൽ നിന്നായി 2000ലധികം കളിക്കാരാണ് ഒളിമ്പ്യാഡിൽ പങ്കെടുക്കുക. ചെസ് ഒളിമ്പ്യാഡിന്‍റെ ടീസർ കഴിഞ്ഞ ദിവസം നടൻ രജനികാന്ത് പുറത്തിറക്കിയിരുന്നു. ഒളിമ്പ്യാഡ് നടത്തുന്നതിനായി 92.13 കോടി അനുവദിച്ചതായി തമഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ അറിയിച്ചിരുന്നു.
100 വർഷത്തെ ചെസ് ഒളിമ്പ്യാഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ ഇന്ത്യയുടെ ചെസ് തലസ്ഥാനമായ ചെന്നൈയാണ് ഇതിന് വേദിയാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം നേപ്പിയർ പാലത്തിന്‍റെ വിഡിയോ വൈറലായതോടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്. അധികൃതരുടെ നടപടിയെ നിരവധി പേർ അഭിനന്ദിച്ചപ്പോൾ, ഇത് ശ്രദ്ധ മാറാനും അതുവഴി വാഹനാപകടങ്ങൾക്കും കാരണമാവുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.