മോദിയുടെ ധ്യാനം: മധുരയിൽ തമിഴ് സംഘടനകളുടെ പ്രതിഷേധം
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും കേന്ദ്ര നേതൃത്വം വിലക്കേർപ്പെടുത്തി. മോദിയുടെ സ്വകാര്യ സന്ദർശനമായതിനാലാണ് കന്യാകുമാരിയിൽ എത്തേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം പ്രത്യേകം നിഷ്കർഷിച്ചത്. ഹെലികോപ്ടർ ലാൻഡിങ് കേന്ദ്രമായ കന്യാകുമാരിയിലെ ഗവ. ഗെസ്റ്റ് ഹൗസ് പരിസരത്ത് മോദിയെ സ്വീകരിക്കുന്നതിനെത്തിയ മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണന് അനുമതി നിഷേധിക്കപ്പെട്ടു. കേന്ദ്രമന്ത്രി എൽ. മുരുകൻ, ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയവരും കന്യാകുമാരി സന്ദർശനം റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെ തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്ടറിൽ കന്യാകുമാരിയിലെത്തി. പിന്നീട് ഭഗവതിയമ്മൻ കോവിലിൽ ദർശനം നടത്തിയതിനുശേഷം ബോട്ട് മാർഗം വിവേകാനന്ദ പാറ സ്മാരകത്തിലെത്തി. ഇവിടെ പ്രത്യേകം സജ്ജമാക്കിയ ഇടത്തിൽ വൈകീട്ട് ആറര മണിയോടെ ധ്യാനം തുടങ്ങുകയായിരുന്നു. ജൂൺ ഒന്നിനാണ് അദ്ദേഹം ഇവിടെനിന്ന് ഡൽഹിക്ക് തിരിക്കുക.
ധ്യാന പരിപാടിക്ക് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് പൊലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്കെതിരെ തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി, ആദി തമിഴർ പേരവൈ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ മധുരയിൽ കരിങ്കൊടി പ്രകടനം നടത്തി. ഒഡിഷയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരു നേതാക്കളും തമിഴരെ അപകീർത്തിപരമായി പരാമർശിച്ചതിൽ പ്രതിഷേധിച്ചാണിത്.
അതിനിടെ, ചെന്നൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ ‘ഗോ ബാക്ക് മോദി’ എന്ന് ഇംഗ്ലീഷിലെഴുതിയ വാൾ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.