‘മോദിയോട് അമിത്ഷാക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടോ’; തമിഴ്നാട്ടിൽനിന്നുള്ള പ്രധാനമന്ത്രി പരാമർശത്തോട് പ്രതികരണവുമായി സ്റ്റാലിൻ
text_fieldsചെന്നൈ: ഭാവിയിൽ തമിഴ്‌നാട്ടിലെ ഒരാൾ പ്രധാനമന്ത്രിയാകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായത്തോട് പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘അദ്ദേഹത്തിന്റെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ, മോദിയോട് അദ്ദേഹത്തിന് എന്തെങ്കിലും ദേഷ്യം ഉണ്ടോയെന്ന് എനിക്കറിയില്ല’, എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഒരു തമിഴനെ പ്രധാനമന്ത്രിയാക്കണമെന്ന ആശയം ബി.ജെ.പിക്കുണ്ടെങ്കിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും കേന്ദ്ര മന്ത്രി എൽ. മുരുകനുമുണ്ട്. അവർക്ക് പ്രധാനമന്ത്രിയാകാൻ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നെന്നും സ്റ്റാലിൻ പറഞ്ഞു.
ഭാവിയിൽ തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തിലെ ഒരാൾ പ്രധാനമന്ത്രിയാകണമെന്നും ഇത് ബി.ജെ.പി യാഥാർഥ്യമാക്കുമെന്നുമായിരുന്നു ഞായറാഴ്ച അമിത് ഷാ ചെന്നൈ കോവിലമ്പാക്കത്ത് നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെ പറഞ്ഞത്.
തമിഴ്‌നാട്ടിൽനിന്നുള്ള രണ്ടുപേർ നേരത്തെ പ്രധാനമന്ത്രി പദത്തിലെത്തേണ്ടതായിരുന്നു. എന്നാൽ, ഡി.എം.കെ അതില്ലാതാക്കി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജും മുതിർന്ന നേതാവ് ജി.കെ. മൂപ്പനാരും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് ഡി.എം.കെ തടഞ്ഞെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.