അരിക്കൊമ്പന് എന്തുപറ്റി? സമൂഹമാധ്യമ പ്രചാരണങ്ങളിൽ വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ്
text_fieldsചെന്നൈ: അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ഇതിന് പിന്നാലെ വിശദീകരണവുമായി തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തി. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
അരിക്കൊമ്പനെ മുണ്ടന്തുറൈയിൽ വിട്ടതിന് ശേഷം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആനയുടെ വിവരങ്ങൾ കളക്കാട്-മുണ്ടത്തുറൈ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടറെ അപ്പപ്പോൾ അറിയിക്കുന്നുമുണ്ട്.
പുതിയ സ്ഥലത്തെത്തിച്ച് എട്ട് മാസം പിന്നിടുമ്പോൾ അരിക്കൊമ്പൻ ആരോഗ്യവാനാണ്. അപ്പർ കോതയാർ അണക്കെട്ടിന് പരിസരത്താണ് ആനയിപ്പോൾ കഴിയുന്നത്. നല്ല നിലയിൽ തീറ്റയെടുക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ വരുന്ന പ്രവണത പിന്നീടൊരിക്കലും കാട്ടിയിട്ടില്ല. ആനയുടെ സഞ്ചാരവഴികൾ റേഡിയോ കോളർ വഴി തത്സമയം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 28ന് മുതുകുഴിവയൽ ഭാഗത്ത് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറും കേന്ദ്ര സുരക്ഷാ സംഘവും ആനയെ നേരിട്ട് കണ്ടിരുന്നുവെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കനത്ത നാശംവിതച്ച അരിക്കൊമ്പനെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേരള വനംവകുപ്പ് പിടികൂടിയത്. ആനയെ പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, മേയ് മാസത്തിൽ അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിലിറങ്ങി ഭീതിപരത്തിയിരുന്നു. തുടർന്ന്, വീണ്ടും മയക്കുവെടിവെച്ച് പിടികൂടിയ ശേഷമാണ് തിരുനെൽവേലി കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.