അരിക്കൊമ്പന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്; ക്ഷീണിതനെന്ന് മൃഗസ്നേഹികൾ
text_fieldsചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. കോതയാർ നദിയുടെ പരിസരമേഖലയിലാണ് ആന ഇപ്പോഴുള്ളത്. ആന ആരോഗ്യവാനാണെന്നും തീറ്റതേടുന്നുണ്ടെന്നും വനംവകുപ്പ് പറയുന്നു. എന്നാൽ, അരിക്കൊമ്പൻ ക്ഷീണിതനാണെന്നാണ് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്.
അരിക്കൊമ്പനെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. ആന ക്ഷീണിതനാണെന്നും ചെങ്കുത്തായ മലനിരകളുള്ള മേഖലയിൽ തുറന്നുവിട്ട് പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. അരിക്കൊമ്പന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കാനുള്ള ആഹ്വാനവുമുയരുന്നുണ്ട്.
നേരത്തെ, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയിരുന്നു. അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാൻ ദേശീയോദ്യാനത്തിൽ എത്തിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
ഹരജിയിൽ ഹൈകോടതി വനംവകുപ്പിന്‍റെ നിലപാട് തേടിയിരുന്നു. എന്നാൽ, ആന ആരോഗ്യവാനാണെന്നും മതിയായ തീറ്റയും വെള്ളവും ലഭിക്കുന്നുണ്ടെന്നും നിലവിലെ സ്ഥലത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ആനയെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.