ജയയുടെ മരണം അന്വേഷിക്കും; 'വേദനിലയം' ഇനി സ്മാരകം
text_fieldsചെന്നൈ: മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായിരുന്ന ജെ. ജയലളിതയുടെ മരണം അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള കമീഷനായിരിക്കും മരണത്തെ കുറിച്ച് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി എം. പളനിസ്വാമി അറിയിച്ചു. കൂടാതെ, ജയയുടെ ചെന്നൈ പേയസ് ഗാർഡനിലെ വസതിയായ 'വേദനിലയം' സർക്കാർ സ്മാരകമാക്കാനും തീരുമാനിച്ചതായി പളനിസ്വാമി പറഞ്ഞു.
ജയലളിതയുടെ മരണവും അപ്പോളോ ആശുപത്രിയിൽ നല്‍കിയ ചികിത്സയും സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുൻ മുഖമന്ത്രി ഒ. പന്നീർസെൽവമാണ് ആദ്യം ആവശ്യപ്പെട്ടത്. കൂടാതെ ജയയുടെ വസതിയിൽ നിന്ന് തോഴി ശശികലയെ പുറത്താക്കി 'വേദനിലയം' സർക്കാർ സ്മാരകമാക്കി പ്രഖ്യാപിക്കണമെന്നും പന്നീർസെൽവം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഈ വിഷയത്തിൽ മൃദുസമീപനമാണ് മുഖ്യമന്ത്രി പളനിസ്വാമി സ്വീകരിച്ചിരുന്നത്. എന്നാൽ, ടി.ടി.വി ദിനകരനെതിരെ ഒന്നിക്കാൻ പളനിസ്വാമി-പന്നീർശെൽവം വിഭാഗങ്ങൾ നീക്കം ആരംഭിച്ചതിന്‍റെ മുന്നോടിയായാണ് പുതിയ നടപടിയെന്നും വാർത്തകളുണ്ട്.
ജയലളിതയുടെ മരണത്തില്‍ സി. ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശശികല പുഷ്പ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കൂടാതെ, സിനിമാ താരങ്ങളായ ഗൗതമി, മൻസൂർ അലി ഖാൻ എന്നിവരും ജയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത അണുബാധയത്തെുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് മരണപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജയലളിതയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പുറത്തുവിട്ടു കൊണ്ടിരുന്ന വാർത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് പുറംലോകത്തിന് അറിയാനുള്ള ഏക മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.