എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsചെന്നൈ: തമിഴ്നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഭരണ-രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ എടപ്പാടി കെ. പളനിസാമി മുഖ്യമന്ത്രിക്കസേരയില്‍. രാജ്ഭവനില്‍ വ്യാഴാഴ്ച വൈകുന്നേരം 4.30ന് നടന്ന ചടങ്ങില്‍ അണ്ണാഡി.എം.കെ ശശികല വിഭാഗത്തിന്‍െറ നിയമസഭാകക്ഷി നേതാവ് പളനിസാമിക്ക് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 30 മന്ത്രിമാരും സ്ഥാനമേറ്റു. 15 ദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. 18ന് രാവിലെ 11ന് വിശ്വാസവോട്ട് തേടും. കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനുശേഷം പത്തുമാസത്തിനിടെ മൂന്നാമത്തെ അണ്ണാഡി.എം.കെ സര്‍ക്കാറാണിത്.
മുമ്പ് വഹിച്ചിരുന്ന ഹൈവേ-തുറമുഖ വകുപ്പുകള്‍ക്ക് പുറമെ പന്നീര്‍സെല്‍വം വഹിച്ചിരുന്ന ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. പന്നീര്‍സെല്‍വം മന്ത്രിസഭയിലുള്ളവരെ നിലനിര്‍ത്തി അതേ വകുപ്പുകളും നല്‍കി. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനാണ് ഏക പുതുമുഖം. ഒ.പി.എസ് പക്ഷത്തേക്ക് കൂറുമാറിയ കെ. പാണ്ഡ്യരാജന് പകരമാണ് സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയത്. അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം-കായികം-യുവജനക്ഷേമം എന്നീ വകുപ്പുകള്‍ വഹിക്കും.
പളനിസാമി അധികാരമേറ്റതിനത്തെുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായിരുന്ന പന്നീര്‍സെല്‍വത്തിന്‍െറ ഒൗദ്യോഗികവസതിയിലെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. തൊട്ടുപിന്നാലെ അണ്ണാഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും പന്നീര്‍സെല്‍വത്തിന്‍െറ വീട്ടിലേക്ക് കല്ളേറുണ്ടാവുകയും ചെയ്തു.
പന്നീര്‍സെല്‍വവും അദ്ദേഹത്തിനൊപ്പമുള്ള എം.എല്‍.എമാരും സത്യപ്രതിജ്ഞാ ചടങ്ങിനത്തെിയില്ല. അതിനിടെ, ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പന്നീര്‍സെല്‍വം വിഭാഗം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. രാജ്യസഭ എം.പി വി. മൈത്രേയന്‍െറ നേതൃത്വത്തില്‍ 12 അംഗ സംഘമാണ് പളനിസാമിയുടെ സത്യപ്രതിജ്ഞക്കുമുമ്പ് കമീഷനെ സമീപിച്ചത്.
എം.എല്‍.എമാര്‍ മറുചേരിയിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പളനിസാമി കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് വിശ്വസ്തരായ എം.എല്‍.എമാരെ മാത്രമാണ് സത്യപ്രതിജ്ഞാചടങ്ങിന് കൊണ്ടുവന്നത്. വിശ്വാസവോട്ട് നേടുമെന്നും ജയലളിതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഭരണം തുടരുമെന്നും അധികാരമേറ്റതിന് പിന്നാലെ ചെന്നൈ മറീനാ ബീച്ചിലത്തെിയ പളനിസാമി പറഞ്ഞു. ജയലളിത, എം.ജി.ആര്‍, അണ്ണാദുരൈ എന്നിവരുടെ സമാധിയില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ശശികലയുടെ സഹോദരപുത്രന്‍ ടി.ടി.വി. ദിനകരനും ഒപ്പമുണ്ടായിരുന്നു.
മന്ത്രിസഭ രൂപവത്കരിക്കാന്‍ വ്യാഴാഴ്ച രാവിലെ പളനിസാമിയെ ക്ഷണിച്ചതോടെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന കൂവത്തൂരിലെ സ്വകാര്യ റിസോര്‍ട്ടിലും ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തും ആഹ്ളാദപ്രകടനം നടന്നു. പന്നീര്‍സെല്‍വത്തിന്‍െറ വീടായ ചെന്നൈ ഗ്രീന്‍സ്വെയ്സ്റോഡിലെ ക്യാമ്പ് ശോകമൂകമായി. ധര്‍മയുദ്ധം തുടരുമെന്ന് പന്നീര്‍സെല്‍വം പ്രഖ്യാപിച്ചു. പ്രവര്‍ത്തകരെ കാണാന്‍ സംസ്ഥാന പര്യടനം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
അണ്ണാഡി.എം.കെ നിയമസഭാകക്ഷി നേതാവായിരുന്ന ശശികല അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെയാണ് വിശ്വസ്തനായ പളനിസാമിക്ക് നറുക്കുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.