തമിഴ്നാട് അനിശ്ചിതത്വം തുടരും; ഇരുപക്ഷവും ഡല്‍ഹിയിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ തര്‍ക്കങ്ങളും ഭരണ പ്രതിസന്ധിയും തീര്‍ക്കാന്‍ ഇരുപക്ഷവും ഡല്‍ഹിയിലേക്ക് പോകുന്നു. ഭരണപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമ്പോള്‍, ടി.ടി.വി ദിനകരന്‍ പക്ഷം രാഷ്ട്രപതിയെ കണ്ടാണ് കാര്യങ്ങള്‍ ധരിപ്പിക്കുക. ദിനകരന്‍ വിഭാഗം ഉയര്‍ത്തിയ ഭീഷണികളെയെല്ലാം മറികടന്ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 12ന് ചേരാന്‍ ഔദ്യോഗിക പക്ഷം തീരുമാനിച്ചു. ഈ യോഗത്തില്‍ വച്ച് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. ഇന്നലെ ചേര്‍ന്ന അണ്ണാ ഡി.എം.കെ യോഗത്തില്‍ വച്ചാണ് ശശികലയെയും ദിനകരനെയും ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പുറത്താക്കാന്‍ പ്രമേയം പാസാക്കിയത്.
വൈകിട്ടോടെ കൗണ്‍സില്‍ സെപ്റ്റംബര്‍ 12ന് രാവിലെ 10.35ന് നടത്തുമെന്നും അറിയിച്ചു. കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ ഔദ്യോഗിക പക്ഷത്തിന് അധികാരമില്ലെന്നും അങ്ങിനെ ചേര്‍ന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ദിനകരന്‍റെ ഭീഷണിക്ക് വഴങ്ങാതെ ശക്തമായ നിലപാടുമായാണ് ഇ.പി.എസ് - ഒ.പി.എസ് തീരുമാനമെടുത്തത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ പ്രതിനിധികളും പങ്കെടുത്തില്ലെന്നും അവര്‍ തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണെന്നും ടി.ടി.വി ദിനകരന്‍ പക്ഷം പറയുന്നു. ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുന്നതിനു മുന്‍പു തന്നെ ഇരുപക്ഷവും ഡല്‍ഹിയിലേയ്ക്കുള്ള യാത്ര ഉറപ്പിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഈ ആഴ്ച തന്നെ ഡല്‍ഹിയിലെത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാനാണ് നീക്കം.
ലയന സത്യവാങ്മൂലം നല്‍കിയ ശേഷം രണ്ടില ചിഹ്നത്തിനുള്ള അവകാശവും ഉന്നയിക്കും. കൂടാതെ, ജയലളിതയുടെ മരണശേഷം താല്‍കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത വി.കെ.ശശികലയുടെ കാര്യവും ചര്‍ച്ച ചെയ്യും. രാഷ്ട്രപതിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് ദിനകരന്‍ പക്ഷത്തിന്‍റെ നീക്കം. അവിശ്വാസത്തിന് കത്ത് നല്‍കിയിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചത്. സഭയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയില്‍ ഡി.എം.കെയുടെ 21 എം.എ.ല്‍എമാര്‍ക്ക് നിയമസഭ പ്രിവില്ലേജ് കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിനെതിരായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ശശികലയെ പുറത്താക്കി ദിനകരന്‍ പക്ഷത്തെയും പ്രിവിലേജ് കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടിസിലൂടെ ഡി.എം.കെയെയും പ്രതിരോധിക്കാനാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.