തനിഷ്‌ക് ജ്വല്ലറി കവർച്ച: പ്രതികളിലൊരാൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു -വിഡിയോ
text_fieldsപട്ന: ബിഹാറിലെ അരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച കേസിലെ പ്രതികളിലൊരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ശനിയാഴ്ച സ്പെഷൽ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ (എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ മൂന്ന് എസ്.ടി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എസ്.ടി.എഫ്, പട്ന പൊലീസ്, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തവേ പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ അയാൾ സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ നർപത്ഗഞ്ചിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 10ന് രാവിലെ 10:30 ഓടെയാണ് പ്രതികൾ ജ്വല്ലറി കവർച്ച നടത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കീഴടക്കി, ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ ബന്ദികളാക്കിയാണ് ഇവർ ജ്വല്ലറി കൊള്ളയടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, കൊള്ളയടിക്കപ്പെട്ട വസ്തുക്കൾക്ക് 25 കോടി രൂപ വിലവരും.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് മനോജ് കുമാറിൽ നിന്ന് തോക്കും അക്രമികൾ തട്ടിയെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.