ഒമിക്രോൺ ഡൽഹിയിലും; രാജ്യത്തെ അഞ്ചാമത്തെ കേസ്
text_fieldsന്യൂഡൽഹി: കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യതലസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. താൻസനിയയിൽനിന്ന് വന്ന 37 വയസ്സുള്ള ഇന്ത്യക്കാരനാണ് ഒമിക്രോൺ പോസിറ്റിവായത്. രാജസ്ഥാനിൽ ഒമ്പതും മഹാരാഷ്ട്രയിൽ ഏഴും കേസുകൾ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയവരുടെ എണ്ണം 21 ആയി.
ദക്ഷിണാഫ്രിക്കൻ യാത്രാ പശ്ചാത്തലമുള്ള ഒരുകുടുംബത്തിലെ ഒമ്പതുപേർക്കാണ് രാജസ്ഥാനിലെ ജയ്പൂരിൽ രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽനിന്ന് വന്ന മൂന്നു പേരടക്കം ഏഴു പേരാണ് മഹാരാഷ്ട്രയിലെ രോഗികൾ. ഏഴു പേരും പുണെ ജില്ലക്കാരാണ്. ചിന്ത്വാഡ പ്രദേശത്തുള്ള കുടുംബത്തെ കാണാൻ നൈജീരിയയിൽ നിന്നു വന്ന അമ്മക്കും രണ്ട് പെൺമക്കൾക്കും നാട്ടിലുണ്ടായിരുന്ന അവരുടെ സഹോദരനും അദ്ദേഹത്തിെൻറ രണ്ട് പെൺമക്കൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പോസിറ്റിവായ ഏഴാമത്തെയാൾ ഫിൻലൻഡിൽ നിന്ന് കഴിഞ്ഞ മാസം അവസാനം വന്നയാളാണ്.
ഡൽഹിയിലെ ലോക്നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിൽ നിന്ന് ജിനോം സീക്വൻസിങ്ങിന് അയച്ച 12 കേസുകളിലൊന്നാണ് ഒമിക്രോൺ പോസിറ്റിവായത്. ഏതാനും ദിവസമായി ചികിത്സയിൽ കഴിയുന്ന രോഗിക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര വിമാനങ്ങളിൽ ഡൽഹിയിൽ ഇറങ്ങുന്നവരിൽ കോവിഡ് പോസിറ്റിവായവരെ മാറ്റി പാർപ്പിക്കാൻ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്നു.
ഒമിക്രോൺ വകഭേദം തടയാനുള്ള ഏറ്റവും ഫലപ്രദമായ നടപടി അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടതിനിടയിലാണ് ഡൽഹിയിലും കേസ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ഡൽഹി ആരോഗ്യ മന്ത്രിയും ഇതേ ആവശ്യം ആവർത്തിച്ചു. മഹാരാഷ്ട്രക്ക് പുറമെ ഡൽഹിയിലും കർണാടകയിലും ഗുജറാത്തിലുമാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.