ജഡ്ജിമാർക്കെതിരെ സംസാരിക്കുന്നത് ഒരു ഫാഷനായി മാറിയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജഡ്ജിമാർക്കെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് ഫാഷനായി മാറിയിട്ടുണ്ടെന്നും ഇത് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കമാണെന്നും സുപ്രീംകോടതി പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ 15 ദിവസ തടവിന് ശിക്ഷിക്കപ്പെട്ട അഭിഭാഷകന്‍റെ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ബേല.എം ത്രിവേദിയും അടങ്ങുന്ന ബെഞ്ചാണ് പരാമർശം നടത്തിയത്.
മഹാരാഷ്ട്രയും ഉത്തർപ്രദേശുമാണ് ഈ പ്രവണതയിൽ മുന്നിൽ നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങളെന്ന് സുപ്രീം കോടതി പറഞ്ഞു. ജഡ്ജി എത്ര ശക്തനാണോ അത്രത്തോളം മോശമായ ആരോപണങ്ങൾ അവർ നേരിടേണ്ടി വരുന്നു. എന്നാൽ വിഷയത്തിൽ ജഡ്ജിമാർക്ക് ഒരു പൊലീസുകാരന്‍റെ സംരക്ഷണം പോലും ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിന്യായ പ്രക്രിയയെ തടസ്സപ്പെടുത്താൻ ആരു ശ്രമിച്ചാലും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകന്‍റെ ഹ്രസ്വകാല തടവ് ശരിവച്ചുകൊണ്ട് കോടതി കൂട്ടിച്ചേർത്തു.
ഈ കേസിൽ ജയിൽ ശിക്ഷ വളരെ മൃദുവായ ശിക്ഷയാണെന്നും എന്നാൽ തടവിലാകുന്നതോടെ പ്രാക്ടീസ് ചെയ്യാനാവാത്തത് വഴി പ്രതിക്ക് പശ്ചാത്താപമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.