പകരച്ചുങ്ക ഇളവ്: ചൈനയെക്കാൾ കുറഞ്ഞ വിലയിൽ ഇന്ത്യക്ക് കയറ്റുമതി ചെയ്യാം
text_fieldsന്യൂഡൽഹി: ഐഫോണുകളെയും സ്മാർട്ട് ഫോണുകളെയും പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ഗുണം ചെയ്യുന്നത് ഇന്ത്യക്ക്. ചൈനയെക്കാൾ 20 ശതമാനം വിലക്കുറവിൽ ഇന്ത്യക്ക് ഈ ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കും.
ഫെന്റാനിൽ മയക്കുമരുന്ന് കടത്തിന്റെ പേരിൽ ചൈനക്കെതിരെ നേരത്തേ ചുമത്തിയ 20 ശതമാനം തീരുവ നിലനിൽക്കുന്നതാണ് ഇന്ത്യക്ക് അനുകൂലമാകുന്നത്. ഐഫോണിനും സ്മാർട്ട്ഫോണിനും പുറമേ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയെയും പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ, ഇന്ത്യയിൽനിന്നുള്ള ഇവയുടെ കയറ്റുമതിക്ക് തീരുവയുണ്ടാകില്ല. വിയറ്റ്നാമിനും തീരുവയില്ലാതെ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ടാബ്ലറ്റുകളും കയറ്റുമതി ചെയ്യാൻ സാധിക്കും.
ഇന്ത്യയിൽനിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് ലക്ഷ കോടി രൂപയിലെത്തിയതായി ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ) വ്യക്തമാക്കി. എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് ഇത്.
മുൻവർഷത്തേക്കാൾ 55 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷമുണ്ടായത്. ആപ്പിൾ ഫോൺ കയറ്റുമതി മാത്രം ഒന്നര ലക്ഷം കോടി രൂപയുടേതാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.