'അയാൾ സമ്പന്നനല്ലേ... അപ്പോൾ അവർ പണത്തിനു വേണ്ടി തന്നെ വിറ്റതാണോ?' -ലളിത് മോദിയുമായുള്ള സുസ്മിതയുടെ ബന്ധത്തെ വിമർശിച്ച് തസ്‍ലീമ നസ്റീൻ
text_fieldsലണ്ടൻ: വിവാദ വ്യവസായി ലളിത് മോദിയും മുൻ വിശ്വസുന്ദരി സുസ്മിത സെന്നുമായുള്ള പ്രണയച്ചർച്ച കത്തിപ്പടർന്നിരിക്കയാണ്. സാമൂഹിക മാധ്യമങ്ങളിൽ മാത്രമല്ല ഗോസിപ്പുകാരുടെയും സുപ്രധാന വിഷയങ്ങളിലൊന്നായി മാറിയിരിക്കയാണ് പലരുടെയും നെറ്റി ചുളിച്ച ഈ ബന്ധം. ബന്ധത്തെ നിശിതമായി വിമർശിച്ച് രംഗത്തുവന്നിരിക്കയാണ് വിവാദ എഴുത്തുകാരി തസ്‍ലീമ നസ്റീൻ. സുസ്മിതയെ കുറിച്ച് ബംഗാളി ഭാഷയിൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിലാണ് തസ്‍ലീമ ലളിത് മോദിയുമായുള്ള അവരുടെ ബന്ധത്തിനെതിരെ ആഞ്ഞടിച്ചത്.
''ഒരിക്കൽ മാത്രമേ ഞാൻ സുസ്മിതയെ കണ്ടിട്ടുള്ളൂ. കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്. എന്നെ ആലിംഗനം ചെയ്തുകൊണ്ട് സുസ്മിത പറഞ്ഞു' ഞാൻ നിങ്ങളെ സ്നേഹിക്കുന്നു'. ആ ഭാഗത്ത് എന്നേക്കാൾ ഉയരമുള്ള മറ്റാരും ഉണ്ടായിരുന്നില്ല. സുസ്മിത തൊട്ടടുത്ത് നിന്നപ്പോൾ എനിക്ക് ഉയരം കുറഞ്ഞതായി തോന്നി. അവരുടെ ആകർഷകമായ മുഖത്തുനിന്ന് എനിക്ക് കണ്ണുകൾ പിൻവലിക്കാനായില്ല. അവരുടെ വ്യക്തിത്വത്തെയും ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
വളരെ ചെറുപ്രായത്തിൽ രണ്ടു പെൺകുട്ടികളെ ദത്തെടുത്ത വ്യക്തിയാണ് സുഷ്. അവരുടെ സത്യസന്ധതയും ബുദ്ധിയും ബോധവും സ്വാശ്രയശീലവും ധർമിഷ്ടയും എന്റെ മതിപ്പു കൂട്ടി''. പക്ഷേ ഇപ്പോൾ തീർത്തും അനാകർഷകനായ ഒരുപാട് കുറ്റകൃത്യങ്ങൾ നടത്തിയ ഒരാളുമായി സമയം ചെലവഴിക്കുകയാണ്. അയാൾ വലിയ ധനികനായതുകൊണ്ടാണോ അത്? പണത്തിനു വേണ്ടി സുസ്മിത തന്നെ ലളിത് മോദിക്ക് വിറ്റിരിക്കയാണോ? എന്നും തസ്‍ലീമ ചോദിക്കുന്നു. 'ചിലപ്പോൾ അവർ അയാളുമായി പ്രണയത്തിലായിരിക്കാം. എന്നാൽ പ്രണയത്തിലാണെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല'. പണത്തിനായി പ്രണയിക്കുന്നവരെ താൻ ബഹുമാനിക്കില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. നേരത്തേ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും യു.എസ് ഗായകൻ നിക് ജോനാസിന്റെയും കുഞ്ഞിനെയും തസ്‍ലീമ കളിയാക്കിയിരുന്നു. റെഡിമെയ്ഡ് ബേബി എന്നു പറഞ്ഞാണ് വാടകഗർഭപാത്രത്തിലുടെ അമ്മയായ പ്രിയങ്കയെ തസ്‍ലീമ ആക്ഷേപിച്ചത്.
ലളിത് മോദിയാണ് സുസ്മിതയുമായുള്ള പ്രണയം പരസ്യപ്പെടുത്തിയത്. ''ലോകസഞ്ചാരത്തിനു ശേഷം ലണ്ടനിലേക്ക് മടങ്ങുകയാണ്. പുതിയ തുടക്കമാണിത്. പുതിയ ജീവിതവും. വിവാഹത്തോടെ പ്രണയമുണ്ടാകണമെന്നില്ല. പക്ഷേ, അങ്ങനെ ഒന്നുണ്ടെങ്കിൽ അത് മനോഹരമായിരിക്കും. കൃത്യതയ്ക്കു വേണ്ടി പറയുകയാണ്. ഞങ്ങള്‍ ഇപ്പോൾ ഡേറ്റിങ്ങിലാണ്. ഇതുവരെ വിവാഹിതരല്ല. അടുത്തു തന്നെ അത് പ്രതീക്ഷിക്കാം''– എന്ന കുറിപ്പോടെയാണ് സുസ്മിതാ സെന്നിനൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.