എയർ ഇന്ത്യയെ ഏറ്റെടുക്കുക ടാറ്റയോ? വ്യക്തത വരുത്തി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ വിൽപനയുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. എയർ ഇന്ത്യയെ വാങ്ങാനായി ടാറ്റ ഗ്രൂപ്പ് നൽകിയ താൽപര്യപത്രം കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട താൽപര്യപത്രം അംഗീകരിച്ചുവെന്ന വാർത്ത തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുേമ്പാൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻറ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറാനുള്ള തീരുമാനം എടുത്തുവെന്നും അമിത് ഷാ ഉൾപ്പെടുന്ന മന്ത്രിമാരുടെ സമിതി കൂടി അംഗീകരിച്ചാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അമിത് ഷായെ കൂടാതെ ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സമിതിയിലുണ്ട്. ഇവരുടെ അംഗീകാരത്തിന് ശേഷം വിഷയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വരും.
എയർ ഇന്ത്യയെ വാങ്ങുന്നതിനായി രണ്ട് കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചത്. ടാറ്റ ഗ്രൂപ്പും സ്പൈസ്ജെറ്റുമാണ് ഇതിനായി താൽപര്യപത്രം സമർപ്പിച്ചത്. ഈ രണ്ട് കമ്പനികളുടേയും അപേക്ഷകൾ നിലവിൽ കേന്ദ്രസർക്കാറിന്‍റെ പരിഗണനയിലാണ്. 1932ലാണ് എയർ ഇന്ത്യയുടെ ആദ്യരൂപമായ ടാറ്റ എയർലൈൻസ് സ്ഥാപിതമാവുന്നത്. ജെ.ആർ.ഡി ടാറ്റയായിരുന്നു കമ്പനിക്ക് പിന്നിൽ. 1947ൽ ടാറ്റ എയർലൈൻസ് എയർ ഇന്ത്യയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.